അമ്പലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ വരവുശക്തമായതോടെ അമ്പലപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. പുന്നപ്ര തെക്ക്, വടക്ക്, അമ്പലപ്പുഴ തെക്ക്, വടക്ക്, പുറക്കാട്, തകഴി പഞ്ചായത്ത് പരിധിയിലെ നിരവധി വീടുകളിൽ വെള്ളം കയറി. തോട്ടപ്പള്ളി പൊഴിമുഖം വീതികൂട്ടി മുറിച്ചെങ്കിലും സ്പിൽവേ കനാലിന്റെ ആഴംകൂട്ടൽ പൂർത്തിയാക്കാത്തതിനാൽ നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്.

മത്സ്യകർഷകരും, നെൽ കർഷകരും ക്ഷീരകർഷകരുമാണ് ഇതോടെ ഏറെ ദുരിതത്തിലായത്. ലക്ഷങ്ങൾ ചെലവഴിച്ച് പ്ലാസ്റ്റിക് ഷീറ്റുകളും എസി ഷീറ്റുകളും ഉപയോഗിച്ച് മത്സ്യം പുറത്തുപോകാതിരിക്കാൻ സുരക്ഷാവേലികൾ തീർത്തെങ്കിലും ജലനിരപ്പ് ഉയർന്നതോടെ മീനുകൾ നഷ്ടപ്പെട്ടു. അടുത്ത മാസം വിളവെടുക്കാനിരുന്ന മീനുകളാണ് കൂടുതലും നഷ്ടപ്പെട്ടത്. വാള, തിലോപ്പിയ, കരിമീൻ തുടങ്ങിയവയാണ് പലരും കൃഷി ചെയ്തിരുന്നത്. വെള്ളം കയറിയ  തോടെ കർഷകർ പലരും ലക്ഷങ്ങളുടെ കടക്കെണിയിലായി. 

പ്രളയത്തിൽ ഇതിനുമുമ്പും കൃഷിനാശം സംഭവിച്ചിരുന്നു. എന്നാൽ വേണ്ട നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. അതേസമയം, ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി കൃഷി ചെയ്യുന്നവർക്ക് മതിയായ നഷ്ടപരിഹാരം നൽകാറുണ്ടെന്നാണ് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ മറ്റ് കർഷകർക്ക് സൗജന്യമായി മത്സ്യക്കുഞ്ഞുങ്ങളെ നൽകാറുണ്ട്‌.

മഴ കനത്തതോടെ ക്ഷീരകർഷകരും ആശങ്കയിലാണ്. കാലിത്തീറ്റവില വർദ്ധനവുമൂലം പ്രതിസന്ധിയിലായ കർഷകർക്ക് ആശ്രയം തീറ്റപ്പുല്ലുകളായിരുന്നു. എന്നാൽ, പ്രദേശം വെള്ളത്തിലായതോടെ പുല്ല് ശേഖരിക്കാനോ കറവമാടുകളെ പുറത്തിറക്കാനോ കഴിയാത്ത അവസ്ഥയാണ്. മഴ തുടർന്നാൽ കറവമാടുകളുടെ തൊഴുത്തുകളിലും വെള്ളം കയറുമെന്ന ആശങ്കയിലാണ് ക്ഷീരകർഷകർ. കനത്ത മഴമൂലം നെൽകർഷകർ നേരിടുന്നത് മടവീഴ്ച ഭീഷണിയാണ്. 

രണ്ടാം വളം കഴിഞ്ഞ പാടശേഖരങ്ങളാണ് പലതും. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ പുറംബണ്ട് കവിഞ്ഞൊഴുകുമെന്ന ആശങ്കയിലാണ് കർഷകർ. ജലനിരപ്പ് ഉയർന്നതിനാൽ മോട്ടോർ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് പല പാടശേഖരങ്ങളും നേരിടുന്നത്. ഇതോടെ വയലുകളിൽ മഴ വെള്ളം കെട്ടിക്കിടക്കുകയാണ്. ദിവസങ്ങളോളം വെള്ളം കെട്ടികിടന്നാൽ നെൽച്ചെടികൾ നശിക്കുമെന്ന ഭീഷണിയും നിലനിൽക്കുന്നുണ്ട്. കൂടാതെ അഗ്രോ സർവ്വീസും വിവിധ സംഘടനകളും, അയൽക്കൂട്ടങ്ങളും അമ്പലപ്പുഴയുടെ വിവിധ പ്രദേശങ്ങളിൽ കരകൃഷി ആരംഭിച്ചിരുന്നു. ഇവയെല്ലാം വെള്ളത്തിലായി.