കോഴിക്കോട്: വീടിൻ്റെ മേല്‍ക്കൂര പൊളിഞ്ഞുവീണ് അപകടം. വൃദ്ധമാതാവും പെണ്‍മക്കളും രക്ഷപ്പെട്ടത് തലനാരിഴക്കാണ്. വൃദ്ധമാതാവ് കൊലത്തി, പെണ്‍മക്കളായ തങ്ക, വിദ്യാര്‍ഥിയായ അമൃത എന്നിവര്‍ താമസിക്കുന്ന വീടിന്റെ മേല്‍ക്കൂരയാണ് പൊളിഞ്ഞുവീണത്.  

കൊടിയത്തൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ പന്നിക്കോട്-പരപ്പില്‍ താമസിക്കുന്ന ഇവരുടെ വീടിന്റെ മേല്‍ക്കൂര താഴ്ന്ന് അപകട അവസ്ഥയിലായിരുന്നു. വാദിറഹ്മ ജീവനക്കാര്‍ താല്‍ക്കാലികമായി ഷീറ്റിട്ടുകൊടുത്ത് ചോര്‍ച്ച മാറ്റി കൊടുത്തിരുന്നുവെങ്കിലും അധികൃതരാരും നടപടിയെടുത്തിരുന്നില്ല. ഞായറാഴ്ച അതിരാവിലെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു വീണത്. 

രാവിലെ ആയതിനാലാണ് വന്‍ ദുരന്തം ഒഴിവായതെന്ന് കൊലത്തി പറഞ്ഞു. ഈ മേല്‍ക്കൂരക്ക് താഴെയാണ് മൂന്ന് സ്ത്രീകള്‍ അന്തിയുറങ്ങുന്നത്. മേല്‍ക്കൂര തകര്‍ന്ന് നിലംപൊത്തിയതോടെ താമസിക്കാന്‍ സ്വന്തമായി വീടില്ലാത്ത അവസ്ഥയിലാണ് ഇവര്‍. സംഭവമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയവർ  പൊളിഞ്ഞുവീണ ഓടും കഴുക്കോലുകളും മാറ്റി താല്‍ക്കാലികമായി പ്ലാസ്റ്റിക് ഷീറ്റിട്ട് കൊടുത്തു.