സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍ 

എടപ്പാള്‍: കവര്‍ച്ച ചെയ്ത ബൈക്കുമായി ക്ഷേത്രങ്ങളില്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം പതിവാക്കിയ അന്തര്‍സംസ്ഥാന മോഷ്ടാവ് ചങ്ങരംകുളം പൊലീസിന്റെ പിടിയിലായി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയായ എടപ്പാള്‍ കണ്ടനകം സ്വദേശി കൊട്ടാരപ്പാട്ട് സജീഷി(40)നെയാണ് മലപ്പുറം എസ് പി സുജിത്ത് ദാസിന്റെ പ്രത്യേക നിര്‍ദേശപ്രകാരം തിരൂര്‍ ഡിവൈ എസ് പി സുരേഷ് ബാബുവിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘവും ചങ്ങരംകുളം പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

എടപ്പാള്‍ അണ്ണക്കമ്പാട്, വട്ടംകുളം മേഖലയില്‍ നിന്നായി മൂന്ന് ബൈക്ക് മോഷണത്തിലും വട്ടംകുളം സുബ്രഹ്മണ്യ ക്ഷേത്രം, ഒതളൂര്‍ ക്ഷേത്രം തുടങ്ങി പ്രദേശത്ത് അടുത്തിടെ നടന്ന ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന് കവര്‍ച്ച ചെയ്ത കേസിലും നടത്തിയ അന്വേഷണത്തിലാണ് നിരവധി കേസുകളില്‍ കുറ്റവാളിയായ സജീഷ് പിടിയിലായത്.