ഒരു മാസം പരീക്ഷണാടിസ്ഥാനത്തിൽ കെഎസ്ആർടിസി സർവീസ് നടത്താൻ തീരുമാനമായി. ഗതാഗത മന്ത്രിയിൽ നിന്ന് ഉറപ്പ് കിട്ടിയതായി നെൻമാറ എംഎൽഎ കെ ബാബു പറഞ്ഞു.
പാലക്കാട്: നെല്ലിയാമ്പതിയിലെ സ്കൂൾ വിദ്യാർത്ഥികളുടെ യാത്രാദുരിതത്തിന് അറുതിയാകുന്നു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. ഒരു മാസം പരീക്ഷണാടിസ്ഥാനത്തിൽ കെഎസ്ആർടിസി സർവീസ് നടത്താൻ തീരുമാനമായി. ഗതാഗത മന്ത്രിയിൽ നിന്ന് ഉറപ്പ് കിട്ടിയതായി നെൻമാറ എംഎൽഎ കെ ബാബു പറഞ്ഞു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് സ്കൂൾ ബസ് വാങ്ങി കൊടുക്കുമെന്നും വിദ്യാർത്ഥികളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണുമെന്നും എംഎൽഎ പറഞ്ഞു.
കെഎസ്ആർടിസി ബസിൻ്റെ സർവീസ് അനുസരിച്ച് ക്ലാസ് സമയം വെട്ടിച്ചുരുക്കേണ്ട ഗതികേടിലായ, പാലക്കാട് നെല്ലിയാമ്പതിയിലെ പോളച്ചിറയ്ക്കൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം വാർത്ത പുറത്തുവിട്ടിരുന്നു. വൈകിട്ട് 4 നുളള കെഎസ്ആർടിസി ബസ് സർവീസ് നിർത്തിയതോടെ പതിനഞ്ച് കിലോമീറ്റർ നടന്നു വേണം തോട്ടം മേഖലയിലുള്ള വിദ്യാർത്ഥികൾക്ക് വീടെത്താൻ. ഇതൊഴിവാക്കാൻ ഉച്ചയോടെ മിക്കവരും സ്കൂളിൽ നിന്ന് ഇറങ്ങുകയാണ് ചെയ്യുന്നത്.
വൈകിട്ട് 4 മണിക് നൂറടിയിൽ നിന്ന് കാരപാറ വരെ പോകുന്ന കെഎസ്ആർടിസി ബസായിരുന്നു ഈ കുട്ടികളുടെ ആശ്രയം. പുതിയ അധ്യയന വർഷം തുടങ്ങിയ ശേഷം ആ സർവീസ് നിലച്ചു. ഇതോടെ 10ഉം 15ഉം കിലോമീറ്റർ നടന്നു വീട്ടിലെത്തുമ്പോഴേക്കും രാത്രിയാകും. മഴക്കാലമായാൽ ഊടുവഴികളിലൂടെയുള്ള യാത്ര അത്ര സുരക്ഷിതമല്ല. അതിനാൽ ഉച്ചയ്ക്ക് 12 മണിയ്ക്കുള്ള കെഎസ്ആർടിസി ബസ് തന്നെ ആശ്രയം. വെറും 2 മണിക്കൂർ ക്ലാസിലിരുന്ന് കുട്ടികൾ വീട്ടിലേക്ക് മടങ്ങും.
തോട്ടം തൊഴിലാളികളുടെ മക്കളാണ് ഇവിടെയേറെയും. ദിവസവും 800ഉം ആയിരവും രൂപ കൊടുത്ത് ജീപ്പ് പിടിച്ചു വരുന്നത് ഇവർക്ക് സങ്കൽപ്പിക്കാൻ പോലും ആകില്ല. അതെ സമയം ജീവിനക്കാരുടെ കുറവും ലാഭകരമല്ലാത്തതും കൊണ്ടാണ് 4 മണി സർവീസ് നിർത്തിയതെന്നാണ് കെഎസ്ആർടിസി യുടെ വിശദീകരണം. വിദ്യാർത്ഥികളുടെ യാത്രാദുരിതത്തിന് ഇപ്പോൾ അറുതി വരുത്താനുള്ള തീരുമാനത്തിലാണ് അധികൃതർ.
KSRTC സമയമനുസരിച്ച് പഠനം വെട്ടിച്ചുരുക്കേണ്ട ഗതികേടിൽ വിദ്യാർത്ഥികൾ
