തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ മുൻ വില്ലേജ് ഓഫീസറെ മൂന്ന് വർഷം തടവിനും 50,000/- രൂപ പിഴ 
അടക്കുന്നതിനും ശിക്ഷിച്ചു. തിരുവനന്തപുരം പാറശാല സ്വദേശി യേശുദാസനെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി കുറ്റക്കാരൻ എന്ന് കണ്ടെത്തി ശിക്ഷിച്ചത്. വിജിലൻസ് ജഡ്ജി അജിത്ത് കുമാറാണ് യേശുദാസനെ മൂന്ന് വർഷം തടവിനും 50,000 /- രൂപ പിഴ ഒടുക്കുന്നതിനും
വിധിച്ചത്. 

2011ൽ ആനാവൂർ വില്ലേജ് ഓഫീസറായി യേശുദാസൻ ജോലി ചെയ്യവേ കോട്ടക്കൽ സ്വദേശി കുട്ടപ്പന്‍റെ വസ്തു പോക്കുവരവ് ചെയ്‌തു നൽകാൻ 5000 രൂപ കൈകൂലി ആവശ്യപ്പെട്ടു. പിന്നീട് ഇത് 3000 രൂപ ആയി വില്ലേജ് ഓഫീസിൽ വെച്ച് വാങ്ങവെയാണ് വിജിലൻസ് മുൻ ഡി വൈ എസ് പി എസ് രാജേന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ പിടിയിലാകുന്നത്.