വള്ളത്തിൽ കയറ്റി കരയ്ക്കെത്തിച്ച ശേഷം കാറിൽ പരുമല സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വെള്ളക്കെട്ട് വേ​ഗത്തിൽ ആശുപത്രിയിലെത്തിക്കാൻ തടസ്സമായി.

എടത്വാ: ആശുപത്രിയിൽ എത്തിക്കാൻ വെള്ളക്കെട്ട് തടസ്സമായതിനെ തുടർന്ന് നെഞ്ചുവേദന മൂലം തൊഴിലാളി വഴിമദ്ധ്യേ മരിച്ചു. തലവടി പഞ്ചായത്ത് ഇല്ലത്ത് പറമ്പിൽ ഇ ആർ ഓമനക്കുട്ടനാണ് (50) മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറ് മണിക്കായിരുന്നു സംഭവം. നെഞ്ച് വേദനയെ തുടർന്ന് വീട്ടുകാരും സമീപവാസികളും വള്ളത്തിൽ കയറ്റി കരയ്ക്കെത്തിച്ച ശേഷം കാറിൽ പരുമല സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴുള്ള വെള്ളക്കെട്ട് കാരണം വേ​ഗത്തിൽ ആശുപത്രിയിലെത്തിക്കാൻ തടസ്സമായി. മുട്ടോളം വെള്ളത്തിലായ സ്ഥലത്ത് നിന്ന് യഥാസമയം വാഹനത്തിൽ എത്തുന്നതിന് കഴിഞ്ഞില്ല. വഴിമധ്യേയായിരുന്നു മരണം, മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ സംസ്കാരം പിന്നീട്. കഴിഞ്ഞ വർഷം ഓമനക്കുട്ടന്റെ മൂത്തമകൾ പ്രിയങ്ക കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭാര്യ: ബീന, മകൾ പ്രവീണ. മരുമകൻ: സജി.

മണ്ണാറശാലയിൽ പിഞ്ചു കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ

ഹരിപ്പാട് മണ്ണാറശാലയിൽ 48 ദിവസം പ്രായമായ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തുലാംപ്പറമ്പ് വടക്ക് പഴഞ്ചത്തിൽ വീട്ടിൽ ശ്യാമകുമാറിന്റെ മകൾ ദൃശ്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിപ്പിക്കവേ കിണറ്റിൽ വീണതെന്നാണ് കുട്ടിയുടെ അമ്മ ദീപ്തിയുടെ മൊഴി. അതേസമയം, അമ്മയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്നും പൊലീസ് പറഞ്ഞു. 

അതേസമയം കഴിഞ്ഞ ദിവസം ബെംഗളുരുവിൽ അഞ്ച് വയസുകാരിയെ അമ്മ അപ്പാര്‍ട്ട്മെന്റിന്റെ നാലാം നിലയിൽ നിന്ന് എറിഞ്ഞുകൊലപ്പെടുത്തിയിരുന്നു. ജനനം മുതൽ ബുദ്ധിമാദ്ധ്യമുണ്ടായിരുന്ന ദീതി എന്ന കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. ഒരു തവണ സുഷമ കുഞ്ഞിനെ റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിച്ചെങ്കിലും ഇവരുടെ ഭര്‍ത്താവാണ് പിന്നീട് കുട്ടിയെ കണ്ടെത്തി തിരികെ കൊണ്ടുവന്നത്. കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇതിന് പിന്നാലെ ഇവരും നാലാം നിലയിൽ നിന്ന് താഴേക്ക് ചാടാൻ ശ്രമിച്ചെങ്കിലും അയൽവാസികൾ തടഞ്ഞു.