മാന്നാറിൽ  കനാല്‍ ജലം തുറന്നു വിട്ടതോടെ നിരവധി വീടുകളില്‍ വെള്ളം കയറി

മാന്നാര്‍: കനാല്‍ ജലം തുറന്നു വിട്ടതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. പമ്പാ ഇറിഗേഷന്‍ കനാല്‍ വെള്ളം തുറന്നു വിട്ടതോടെയാണ് മാന്നാര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ കുറ്റിയില്‍ കോളനിയിലെ നിരവധി വീടുകളില്‍ വെള്ളം കയറിയത്. കരകൃഷികള്‍ നശിച്ചു. കിണറുകളിലെ ജലം മലിനജലമായി മാറി. വര്‍ഷങ്ങളായി കനാലിന്‍ കുമിഞ്ഞു കൂടി കിടന്ന മാലിന്യങ്ങള്‍ ജലത്തോടെപ്പം ഒഴുകി എത്തിയത് പരിസരവാസികളെ ദുരിതത്തിലാഴ്ത്തി. 

പാവുക്കരയില്‍ വെളളമിറങ്ങാതെ കിടന്ന വീടുകളില്‍ വീണ്ടും വെള്ളം കയറിയിട്ടുണ്ട്. അച്ചന്‍കോവിലാറും പമ്പാനദിയിലും ജലനിരപ്പുയര്‍ന്ന് കരകവിയാവുന്ന നിലയിലാണ്. ഡാമുകള്‍ തുറന്നുവിട്ടാലുള്ള അവസ്ഥ അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ ആള്‍ക്കാര്‍ക്ക് ഭീതിയുളവാക്കിയിരിക്കുകയാണ്. കനത്ത മഴ ജനജീവിതത്തെ കാര്യമായി ബാധിച്ചു. മഴയും ഒപ്പം മിന്നലും ജനങ്ങളെ ഭീതിപ്പെടുത്തുന്നു. 

മൂര്‍ത്തിട്ട മുക്കാത്താരി, മാന്നാര്‍ വാലേല്‍, മുക്കാത്താരി, പൊതുവൂര്‍, തൈച്ചിറ, ചെന്നിത്തലയിലെ കാരിക്കുഴി, ചിത്തിരപുരം, കരിലത്തറ, ചില്ലിത്തുരുത്ത് തുടങ്ങിയ പ്രദേശങ്ങളള്‍ വീണ്ടും വെള്ളപ്പൊക്ക ഭീതി നേരിടുന്നു. ചെന്നിത്തല തൃപ്പെരുന്തുറയിലെ പകല്‍വീട്ടില്‍ പ്രവര്‍ത്തിച്ച ക്യാംപ് ഇന്നലെയും തുടര്‍ന്നു. ഇവിടെ താമസിക്കുന്ന ചില്ലിത്തുരുത്ത്, വള്ളാംകടവ് ഭാഗത്തെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ശക്തമായി പെയ്യുന്ന മഴ കാരണം മിക്ക ഗ്രാമീണ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. റോഡിലെ ഓടകള്‍ പോലും കാണാത്തവിധമാണ് വെള്ളം നിറഞ്ഞിരിക്കന്നത്. ഇവിടെ അപകടങ്ങള്‍ നിത്യസംഭവമാണ്.