ആളൊഴിഞ്ഞ വീടിൻ്റെ കാർ പോർച്ചിൽ ഒരാൾ ഉറങ്ങുന്നു, നാട്ടുകാർക്ക് സംശയം; പൊലീസ് വന്നുണർത്തി, കള്ളൻ പിടിയിലായി
പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവാണെന്ന് തിരിച്ചറിഞ്ഞത്
കൊല്ലം: പരവൂരിൽ കവർച്ച നടത്താനെത്തിയ വീട്ടിൽ മദ്യപിച്ച് ഉറങ്ങിപ്പോയ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയിൽ. പൊഴിക്കരയിൽ ആൾ താമസമില്ലാത്ത വീട്ടിൽ മോഷണം നടത്താനായിരുന്നു പ്രതി ലക്ഷ്യമിട്ടത്. കാപ്പ നിയമ പ്രകാരം ജയിൽവാസം കഴിഞ്ഞ് ഒരാഴ്ച മുൻപാണ് ഇയാൾ പുറത്തിറങ്ങിയതെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് പുലർച്ചെയാണ് പരവൂർ പൊഴിക്കരയിൽ ആൾ താമസമില്ലാത്ത വീട്ടിൻ്റെ കാർ പോർച്ചിൽ ഒരാൾ ഉറങ്ങുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയവർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവാണെന്ന് തിരിച്ചറിഞ്ഞത്. വീട്ടിൽ കയറും മുമ്പ് സമീപത്തു തന്നെയുള്ള ഒരു സ്റ്റേഷനറി കടയിൽ പ്രതി മോഷണം നടത്തിയിരുന്നു. മദ്യപിക്കുമ്പോൾ കഴിക്കാനുള്ള ഭക്ഷണ വസ്തുക്കൾ എടുക്കാൻ കടകളിൽ കയറുന്നതാണ് ഇയാളുടെ രീതി.
സ്റ്റേഷനറി കടയിൽ ഉണ്ടായിരുന്ന 3200 രൂപയും 2700 ഓളം രൂപ വിലവരുന്ന സിഗററ്റും ബാബു കൈക്കലാക്കി. ശേഷം മോഷണത്തിനായി ലക്ഷ്യമിട്ട വീട്ടിൽ കയറിയെങ്കിലും മദ്യപിച്ചതിനാൽ ഉറങ്ങിപ്പോയി. കണ്ണു തുറന്നപ്പോൾ പൊലീസിനെയാണ് കണ്ടത്. പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി നൂറോളം മോഷണ കേസുകളിലെ പ്രതിയാണ് തീവെട്ടി ബാബുവെന്ന് പരവൂർ പൊലീസ് അറിയിച്ചു.