കറുപ്പസ്വാമി ഓടി നിന്നത് രാത്രി പട്രോളിംഗിനിറങ്ങിയ തോപ്പുംപടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മുന്നിലായിരുന്നു
കൊച്ചി: പകൽ ഹാർബറിലെ ജോലിക്കാരൻ. രാത്രിയായാൽ മോഷണം. തോപ്പുംപടിയിൽ താമസമാക്കി മോഷണത്തിനിറങ്ങിയ കള്ളൻ കഴിഞ്ഞ ദിവസം ചെന്നുചാടിയത് പൊലീസിന്റെ മുന്നിൽ. തമിഴ്‌നാട് ശിവപ്പെട്ടി ഒന്നാം തെരുവിൽ കറുപ്പസ്വാമിയെ പൊലീസ് കൊച്ചിയിൽ പിടികൂടി. തോപ്പുംപടി ആർഡി കോളനിയിലെ രാജേഷിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് പ്രതി മോഷ്ടിക്കാനിറങ്ങിയത്. എന്നാൽ മോഷണത്തിനിടെ വീട്ടുകാർ ഉണർന്നതോടെ കള്ളൻ ജീവനും കൊണ്ടോടി.
പോകുന്ന പോക്കിൽ ചിട്ടിയടക്കാൻ രാജേഷും കുടുംബവും അലമാരയിൽ സൂക്ഷിച്ചിരുന്ന 2300 രൂപയും ഇയാൾ കൈയ്യിലെടുത്തു. എന്നാൽ കറുപ്പസ്വാമി ഓടി നിന്നത് രാത്രി പട്രോളിംഗിനിറങ്ങിയ തോപ്പുംപടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മുന്നിലായിരുന്നു. സംശയം തോന്നി ഇയാളെ തടഞ്ഞുനിർത്തി പൊലീസുകാർക്ക് അധികം വൈകാതെ തന്നെ മോഷണ വിവരം അറിയാനായി. തമിഴ്നാട്ടിലെ അവിയാനിപുരം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബാറ്ററി മോഷണ കേസിലും ഇയാൾ പ്രതിയാണെന്ന് പിന്നീട് വിശദമായ അന്വേഷണത്തിൽ വ്യക്തമായി.
