Asianet News MalayalamAsianet News Malayalam

ഒറ്റപ്പാലത്ത് മോഷണ ശ്രമം: തടയാൻ ശ്രമിച്ച വൃദ്ധദമ്പതികളെ വെട്ടിപ്പരിക്കേൽപ്പിച്ചു, കള്ളൻ ബാലൻ പിടിയിൽ

അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് ദമ്പതികൾ ഉണർന്നത്. കള്ളനാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവർ തടയാൻ ശ്രമിച്ചു

thief hacked old age couple at Ottappalam
Author
First Published Nov 11, 2022, 8:41 AM IST

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ച് കവർച്ചാ ശ്രമം. ഇന്ന് പുലർച്ചെയാണ് സംഭവം. പാലപ്പുറം സ്വദേശികളായ സുന്ദരേശൻ, അംബികാദേവി എന്നിവർക്കാണ് പരിക്കേറ്റത്. മോഷ്ടാവായ പ്രതി മടവാൾ കൊണ്ട് വെട്ടുകയായിരുന്നു. പ്രതിയായ തമിഴ്നാട് സ്വദേശി ബാലൻ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ലക്കിടിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്ന് സംശയം ഉയർന്നിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് ദമ്പതികൾ ഉണർന്നത്. കള്ളനാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവർ തടയാൻ ശ്രമിച്ചു. ഈ സമയത്ത് പ്രതി ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു.

ഇന്ന് പുലർച്ചെ രണ്ട്  മണിയോടെയാണ് സംഭവം നടന്നത്. ഈ വീട്ടിൽ സുന്ദരേശനും ഭാര്യ അംബികാദേവിയും മാത്രമാണ് ഉണ്ടായിരുന്നത്. പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് അംബികാദേവി ഉണർന്നത്. ഭർത്താവ് സുന്ദരേശനെ വിളിച്ചുണർത്തി കള്ളനെ തടയാൻ ശ്രമിച്ചപ്പോഴാണ് ഇരുവർക്കും വെട്ടേറ്റത്. കൈയ്യിലുണ്ടായിരുന്ന മടവാൾ കൊണ്ട് കള്ളൻ രണ്ടു പേരെയും മാറി മാറി വെട്ടുകയായിരുന്നു.

ശേഷം കള്ളൻ വീട്ടിൽ നിന്ന് ഓടി പോയി. ദമ്പതികളുടെ മൊബൈൽ ഫോണും എടുത്താണ് കള്ളൻ കടന്നു കളഞ്ഞത്. ദമ്പതികൾ ഉടൻ ഒറ്റപ്പാലം പൊലീസിൽ വിവരം അറിയിച്ചു. മൊബൈൽ ഫോണിൻ്റെ ടവർ ലൊക്കേഷൻ പിന്തുടർന്ന് പ്രതിയെ അര മണിക്കൂറിനകം ലക്കിടിയിൽ വെച്ച് പിടികൂടി.

സുന്ദരേശന് നെറ്റിയിലും മുതുകിലുമാണ് വെട്ടേറ്റത്. അംബികാദേവിയുടെ ഇരു കൈകൾക്കും വെട്ടേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിൽ നിന്ന് ഒന്നും നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. മോഷണ സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്ന് സംശയമുണ്ട്. ഇവർ പ്രതിയ്ക്ക് പുറത്തു നിന്ന് സഹായം നൽകിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.

Follow Us:
Download App:
  • android
  • ios