സിനിമയെ വെല്ലുന്ന മോഷണത്തിനുശേഷം തൊണ്ടി തിരികെ നല്‍കി മാപ്പപേക്ഷ നടത്തിയെങ്കിലും മോഷ്ടാവ് പ്രതീക്ഷിച്ചു കാത്തിരുന്ന ഫലം കണ്ടില്ല

തൃശൂര്‍: സിനിമയെ വെല്ലുന്ന മോഷണത്തിനുശേഷം തൊണ്ടി തിരികെ നല്‍കി മാപ്പപേക്ഷ നടത്തിയെങ്കിലും മോഷ്ടാവ് പ്രതീക്ഷിച്ചു കാത്തിരുന്ന ഫലം കണ്ടില്ല. ഒടുവില്‍ കള്ളന്‍ പൊലീസ് വലയിലായി. ഗുരുവായൂര്‍ അരിയന്നൂരിലെ ഡോക്ടറുടെ വീട്ടില്‍ നിന്ന് 10 പവനനോളം സ്വര്‍ണം കവര്‍ന്ന കുന്നംകുളം കല്ലായിക്കുന്ന് സ്വദേശി ഉണ്ണികൃഷ്ണനാണ് പിടിയിലായത്. മുന്‍പ് ദേവസ്വത്തില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ഇയാള്‍ കഞ്ചാവ്, കവര്‍ച്ച കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അരിയന്നൂര്‍ പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്‍റെ വീട്ടില്‍ മേയ് ഏഴിന് രാത്രിയായിരുന്നു മോഷണം. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വീടിന്‍റെ പൈപ്പ് വഴി മുകള്‍നിലയില്‍ കയറിയ ഉണ്ണികൃഷ്ണന്‍, തുറന്നുകിടന്ന വാതിലിലൂടെ അകത്തുകടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവരുകയായിരുന്നു.

ലാപ്‌ടോപ്പും മൊബൈലുമൊക്കെ അവിടെയുണ്ടായിരുന്നെങ്കിലും 'ആവശ്യത്തിന് സ്വര്‍ണം' കിട്ടിയതുകൊണ്ട് കള്ളന്‍ അതൊന്നും തൊട്ടില്ല! പുറത്ത് ബൈക്കില്‍ ഒരു സഹായിയും കാത്തുനില്‍പ്പുണ്ടായിരുന്നു. ഒരു ദിവസം കഴിഞ്ഞ് ശനിയാഴ്ച പുലര്‍ച്ചെ യാത്രയ്ക്കായി ആഭരണങ്ങള്‍ എടുക്കാന്‍ നോക്കിയപ്പോഴാണ് വീട്ടുകാര്‍ മോഷണവിവരം അറിയുന്നത്. മോഷണം കഴിഞ്ഞയുടന്‍ രണ്ട് പവന്‍ സ്വര്‍ണം പെരുമ്പടപ്പിലെ ഒരു ജ്വല്ലറിയില്‍ വിറ്റ് 1,80,000 ഒപ്പിച്ചു. ഇതില്‍ 80,000 കൂട്ടാളിക്ക് നല്‍കി, 5,000 ഭാര്യയ്ക്കും കൊടുത്തു. ബാക്കി തുകയുമായി സുഹൃത്തുക്കള്‍ക്കൊപ്പം നേരെ കൊടൈക്കനാലിലേക്ക് ആഡംബര യാത്ര പോയി. 

എന്നാല്‍, മുഖം മറയ്ക്കാതെ മോഷണം നടത്തിയതിനാല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ വഴി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതറിഞ്ഞ ഭാര്യ കൊടൈക്കനാലിലേക്ക് വിളിച്ച് വിവരം പറഞ്ഞതോടെ കള്ളന്‍ ഞെട്ടി! ഒടുവില്‍ താടിയും മീശയും വടിച്ച് രൂപം മാറിയാണ് ഇയാള്‍ നാട്ടിലെത്തിയത്. ബാക്കി എട്ടു പവന്‍ സ്വര്‍ണം ആളൊഴിഞ്ഞ പറമ്പിലെ പൊത്തില്‍ ഒളിപ്പിച്ചിരുന്ന ഉണ്ണികൃഷ്ണന്‍, രക്ഷപ്പെടാന്‍ ഒരു 'ബുദ്ധി' പ്രയോഗികയായിരുന്നു. മേയ് 11ന് ഒരു സഞ്ചിക്കുള്ളില്‍ ബാക്കി സ്വര്‍ണവും ഒപ്പം ഒരു മാപ്പപേക്ഷയും എഴുതി ഡോക്ടറുടെ വീടിന് പിന്നില്‍ കൊണ്ടിട്ടു.

തനിക്ക് തെറ്റുപറ്റിയതാണെന്നും മാപ്പാക്കണമെന്നും, രണ്ട് പവന്‍ വിറ്റുപോയെന്നും ബാക്കി സ്വര്‍ണം ഇതോടൊപ്പം വയ്ക്കുന്നു എന്നും കത്തില്‍ ഉണ്ടായിരുന്നു. കേസ് പിന്‍വലിക്കണമെന്ന അഭ്യര്‍ഥനയും കള്ളന്‍ മുന്നോട്ടുവെച്ചു. മാപ്പപേക്ഷയൊക്കെ സമര്‍പ്പിച്ചെങ്കിലും പൊലീസ് വിട്ടില്ല. ചൊവ്വാഴ്ച ചാവക്കാട് വെച്ച് ഗുരുവായൂര്‍ എസ്.ഐ യു. മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടി. തുടര്‍ന്ന് നടത്തിയ തെളിവെടുപ്പില്‍ മോഷണമുതലുകള്‍ കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി കൂട്ടാളിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

YouTube video player