ഇടുക്കിയില്‍ ദാഹിച്ചുവലഞ്ഞ കാട്ടാന വെള്ളം തേടി നാട്ടിലിറങ്ങി.

ഇടുക്കി: ദാഹിച്ചുവലഞ്ഞ കാട്ടാന വെള്ളം തേടി നാട്ടിലിറങ്ങി. പിന്നെ കലിപ്പു തീര്‍ത്തത് കാലിയായ വാട്ടര്‍ ടാങ്ക് തകര്‍ത്ത്. മൂന്നാര്‍ കെ ഡി എച്ച് പി സൈലന്‍റ് വാലി എസ്റ്റേറ്റിലെ അസിസ്റ്റന്‍റ് എസ്റ്റേറ്റ് മാനേജരുടെ വീട്ടിലെ വാട്ടര്‍ ടാങ്കാണ് അരിശം മൂത്ത് കാട്ടാന തകര്‍ത്തത്. അടുക്കള ഭാഗത്തെത്തിയ കാട്ടാന നിലത്തിട്ട് ചവിട്ടിത്തകര്‍ത്തും കൊമ്പുകൊണ്ട് കുത്തിക്കീറിയും ടാങ്ക് തകര്‍ത്തെങ്കിലും അരിശം തീരാഞ്ഞ് അവിടെയുണ്ടായിരുന്ന പൈപ്പും അടിച്ചു തകര്‍ത്തു. ദാഹിച്ചുവലഞ്ഞാണ് ആന കാട്ടില്‍ നിന്നുമെത്തിയത്.

വെള്ളമില്ലാതെ നിരാശയോടെ മടങ്ങുന്നതിനിടയില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിനെയും ആക്രമിച്ച ശേഷമാണ് ആന കാട്ടിലേയ്ക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം അഞ്ചു മണിക്കായിരുന്നു സംഭവം. പ്രളയത്തിന് ശേഷം ഉള്‍ക്കാടുകളിലെ വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേയ്ക്കിറങ്ങുന്നത് പതിവാകുകയാണ്.