തിരുവനന്തപുരം: തിരുവല്ലം മേനിലം കീഴേപാലറകുന്ന് വീട്ടിൽ "തിരുവല്ലം ഉണ്ണി " എന്ന പേരിലറിയപ്പെടുന്ന ഉണ്ണികൃഷ്ണൻ (49) കഴിഞ്ഞ കുറച്ച് നാളുകളായി ജയിലിലായിരുന്നു. നാല് മാസം മുമ്പാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്. പിന്നീടങ്ങോട്ട് പൊലീസിനും നാട്ടുകാര്‍ക്കും ഉറക്കമില്ലാത്ത നാളുകളായിരുന്നു. നാല് മാസം ഉണ്ണി കയറിഇറങ്ങിയത് 52 സ്ഥലങ്ങളില്‍. 

മോഷണത്തിനായി ഒരു സ്ഥലം തെരഞ്ഞെടുത്താല്‍ അര്‍ദ്ധരാത്രി ഓട്ടോയുമായി അവിടെയെത്തി ഓട്ടോ സുരക്ഷിതമായി പാര്‍ക്ക് ചെയ്തശേഷം കമ്പിപാരയും ഹെല്‍മറ്റുമായാണ് ഇയാള്‍ മോഷണത്തിനിറങ്ങുന്നത്. ഒറ്റ രാത്രിയില്‍ പരമാവധി സ്ഥലങ്ങളില്‍ മോഷണം നടത്തുന്നതാണ് രീതി. മോഷണത്തിന് മുമ്പായി സിസിടിവി ഹാര്‍ഡ് ഡിസ്ക്കുകള്‍ ഇയാള്‍ മോഷ്ടിക്കും. കഴിഞ്ഞയാഴ്ച അമ്പലത്തറ മിൽമ സഹകരണ സംഘത്തിൽ നിന്നും 6 ലക്ഷം കവർന്നതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. 

കാട്ടാക്കട, മലയിൻകീഴ്, ഉരൂട്ടമ്പലം, വീരണകാവ്, പൂങ്കുളം തുടങ്ങിയ പ്രദേശങ്ങളിൽ വൻ മോഷണ പരമ്പര നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ ഷാഡോ പൊലീസ് അതിവിദഗ്ദമായാണ് കീഴടക്കിയത്. ഇയാള്‍ ഇപ്പോള്‍ പൂഴനാട് ചാനൽ പാലത്തിന് സമീപം വിഷ്ണുഭവനിലാണ് താമസിക്കുന്നത്. പൊലീസിന് തന്‍റെ വിവരങ്ങൾ കൈമാറുന്നുവെന്ന് വിശ്വസിച്ചിരുന്ന ഇയാള്‍ വിരോധം നിമിത്തം ഇയാൾ താമസിച്ചിരുന്ന വീടിന് സമീപത്തെ അയൽവാസികളുടെ കിണറുകളിൽ വിഷം കലക്കിയതിനെ തുടർന്ന് ആര്യങ്കോട് പൊലീസ് എടുത്ത കേസ്സിലും, മറ്റ് ചില മോഷണക്കേസ്സിലുൾപ്പെട്ടും ജയിലിലായി ജാമ്യം ലഭിച്ച് പുറത്തിറങ്ങി കഴിഞ്ഞ നാല് മാസത്തിനിടെയാണ് ഇയാൾ ഇത്രയധികം മോഷണം നടത്തിയത്. സ്പെയര്‍പാര്‍ട്സ് കടയില്‍ നടത്തിയ മോഷണക്കേസില്‍ ഇയാളുടെ ഭാര്യയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

"

ഹോട്ടലുകളും പെട്ടിക്കടകളുമായിരുന്നു ഇയാള്‍ ഏറ്റവും കൂടുതല്‍ മോഷണം നടത്തിയിട്ടുള്ളത്. മഹാദേവ ലോട്ടറിക്കട പൊളിച്ചതും ഉൾപ്പെടെയുള്ള കേസുകളും മലയിൻകീഴ്
 കുളക്കോട് കല്യാണി റസ്‌റ്റോറന്‍റിന് മുൻവശം പൂട്ട് പൊളിച്ച് ഇരുപത്തി അയ്യായിരം രൂപയും സി.സി.ടി.വി ഹാർഡ് ഡിസ്ക്കും മോഷ്ടിച്ചത്, മലയിൻകീഴ് ആൽത്തറ സുമാ ദേവി ആട്ടോമൊബൈൽസ് ഉപകരണങ്ങളും പണവും കവർന്നത്, തൊട്ടടുത്തുള്ള വീടിന്‍റെ ഓട് പൊളിച്ചിറങ്ങി ഒരു ലക്ഷം വിലയുള്ള ക്യാമറ മോഷണം നടത്തിയതുൾപ്പെടെ കാട്ടാക്കട മുതിയാവിള ജംഗ്ഷന് സമീപം ശീകുമാറിന്‍റെ മസ്ക്കറ്റ് ബേക്കറി പൊളിച്ച് ഇരുപത്തിനാലായിരം രൂപയും ഹാർഡ് ഡിസ്കും മറ്റും മോഷണം നടത്തിയതും, മുതിയാവിള അൽഫോസാമ്മ ഹോട്ടൽ പൊളിച്ചതും, മുതിയാവിള അച്ചൂസ് ചിക്കൻ സെൻറർ പൊളിച്ച് കോഴികളും ക്യാഷും കവർന്ന കേസ്സ് എന്നിങ്ങനെ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടായ ആശ്വാസത്തിലാണ് പൊലീസ്. 

തിരുവനന്തപുരം റൂറൽ ഭാഗങ്ങളിൽ നടന്നതിന് സമാനമായ രീതിയിൽ തിരുവനന്തപുരം സിറ്റിയിൽ പൂങ്കുളത്തും അമ്പലത്തറയിലും മോഷണം റിപ്പോർട്ട് ചെയ്തപ്പോൾ സിറ്റി പൊലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗരുഡിൻ ഐപിഎസ്, ഡപ്പ്യൂട്ടി കമ്മീഷണർ ആദിത്യ ഐപിഎസ് എന്നിവർ ചേർന്ന്  സ്പെഷ്യൽ ബ്രാഞ്ച് എസിപി പ്രമോദ് കുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക ഷാഡോ ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരുവല്ലം ഉണ്ണി വലയിലായത്. എസിപി പ്രമോദ് കുമാർ, ഫോർട്ട് എ സി പ്രതാപൻ നായർ, വിഴിഞ്ഞം സി ഐ പ്രവീൺ, എസ് ഐ മാരായ സജി, രഞ്ജിത്ത്, ഷാഡോ എ എസ് ഐമാരായ  യശോധരൻ, അരുൺകമാർ, ഷാഡോ ടീം അംഗങ്ങൾ എന്നിവരാണ് അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നല്കിയത്.