കടലിനടിയിൽ വേറിട്ട വോട്ടർ ബോധവൽക്കരണ പരിപാടി നടന്നു. 'സ്വീപ്പ്' പരിപാടിയുടെ ഭാഗമായി സ്കൂബ ഡൈവിംഗിലൂടെ, വോട്ട് ചെയ്യേണ്ടതിൻ്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് സംഘം ജനങ്ങളെ ബോധവൽക്കരിച്ചു.
കോവളം: വോട്ട് ചെയ്യാൻ മടിക്കുന്നവർക്കായി ഇതാ കടലിനടിയിൽ നിന്ന് ഒരു ഉഗ്രൻ ഓർമ്മപ്പെടുത്തൽ. തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരിയും സംഘവുമാണ് സ്കൂബ ഡൈവിംഗിലൂടെ വോട്ടർമാരെ ബോധവൽക്കരിക്കാൻ കോവളത്ത് കടലിൽ മുങ്ങിയത്. തെരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ 'സ്വീപ്പിന്റെ' നേതൃത്വത്തിലായിരുന്നു ഈ വേറിട്ട പരീക്ഷണം.
ശനിയാഴ്ച രാവിലെ 9 മണിയോടെ കോവളം ഗ്രോവ് ബീച്ചിലായിരുന്നു സംഭവം. സാധാരണ ഫയലുകൾക്കിടയിൽ കാണാറുള്ള കളക്ടർ, ഇത്തവണ സ്കൂബ ഡൈവിംഗ് സ്യൂട്ടും ഓക്സിജൻ സിലിണ്ടറുമായി അഞ്ചംഗ വിദഗ്ധ സംഘത്തിനൊപ്പം ആഴക്കടലിലേക്ക് ഊളിയിട്ടു. നമ്മുടെ വോട്ട് നമ്മുടെ അവകാശം എല്ലാവരും വോട്ടു ചെയ്യുക എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചാണ് കളക്ടർ കടലിനടിയിൽ നിലയുറപ്പിച്ചത്.
ഏകദേശം അരമണിക്കൂറോളം സംഘം കടലിനടിയിൽ ചെലവഴിച്ചു. വോട്ടിംഗിന്റെ പ്രാധാന്യം വിളിച്ചോതുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തു. കടലിൽ നിന്ന് കയറിയ ശേഷം ബീച്ചിലുണ്ടായിരുന്ന വിനോദസഞ്ചാരികൾക്കും ലൈഫ് ഗാർഡുകൾക്കും ജീവനക്കാർക്കും സംഘം ബോധവൽക്കരണ ലഘുലേഖകളും നോട്ടിസുകളും വിതരണം ചെയ്തു. കളക്ടറുടെ ഈ സാഹസിക നീക്കം കണ്ട് വിനോദസഞ്ചാരികളും ആവേശത്തിലായി. ഓരോ വോട്ടും ജനാധിപത്യത്തിൽ എത്രത്തോളം വിലപ്പെട്ടതാണെന്ന് ജനങ്ങളിലെത്തിക്കുകയായിരുന്നു ഈ കടൽ പ്രചാരണത്തിന്റെ ലക്ഷ്യം.


