ആലപ്പുഴ: അറുപത് വർഷത്തെ പഴക്കമുള്ള ജോതി ടെക്സ്റ്റയിൽസിൽ തെരഞ്ഞെടുപ്പ് അടുത്തതോടെ നടക്കുന്നത് ചിഹ്നങ്ങൾ പതിച്ച കൊടികളുടെയും ബാനറുകളുടെയും വിൽപന മാത്രം. മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ആവശ്യപ്പെടുന്നത്രയും ബാനറുകളും കൊടികളും മിതമായ നിരക്കിൽ പറയുന്ന സമയത്ത് നൽക്കുന്നു എന്നുള്ളതാണ് ഈ തുണിക്കടയുടെ പ്രത്യേകത. 

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ആഘോഷങ്ങളിലും ദേശീയ പതാകയുടെ കച്ചവടമുണ്ട്. കൂടാതെ വ്യത്യസ്ഥ സമുദായങ്ങളുടെ ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള കൊടിതോരണങ്ങളും ഇവിടെ വിൽക്കാറുണ്ട്. ഒരു കാലത്ത് നഗരത്തിലെ ഏറ്റവും തിരക്കുള്ള തുണിക്കടയ ജോതി ടെക്സ്റ്റയിൽസ്.

ഞായറാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിൽ രാവിലെ 10 മണിക്ക് തുടങ്ങുന്ന കച്ചവടം രാത്രി 9 മണി സമയം വരെ ഉണ്ടായിരുന്നു. നഗരത്തിലെമ്പാടും കൂണുകൾ പോലെ ചെറുതും വലുതുമായ തുണിക്കടകൾ പൊങ്ങിയതോടു കൂടി ജോതി തുണിക്കടയുടെ കച്ചവട തിരക്ക് കുറഞ്ഞ് തുടങ്ങി. ദൈവം ഇതെങ്കിലും ഞങ്ങൾക്ക് തന്നല്ലോ അത് തന്നെ ധാരാളം എന്നാണ് കടയുടമ രക്തകുമാർ റെഡ്ഡ്യാറുടെ ആത്മ സംതൃപ്തി നിറഞ്ഞ വാക്കുകൾ.