Asianet News MalayalamAsianet News Malayalam

ആദ്യം ലാഭം നൽകി, പിന്നെ വലിയ തുക നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു; തൊടുപുഴ സ്വദേശിക്ക് നഷ്ടപ്പെട്ടത് ഒന്നേകാൽ കോടി

സെബിയുടെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും പേരിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലായും നടക്കുന്നതെന്നും ജില്ലയിൽ ഓൺലൈൻ തട്ടിപ്പ് കേസുകൾ ക്രമാതീതമായി വർധിക്കുന്നുവെന്നും ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് പറഞ്ഞു.

Thodupuzha Man loses 1.25 crore through online fraud
Author
First Published Aug 14, 2024, 7:26 PM IST | Last Updated Aug 14, 2024, 7:27 PM IST

ഇടുക്കി: ഓൺലൈൻ തട്ടിപ്പിലൂടെ തൊടുപുഴ സ്വദേശിക്ക് നഷ്ടപ്പെട്ടത് ഒന്നേകാൽ കോടി രൂപ. തൊടുപുഴ സ്വദേശിയെ പ്രതികൾ ഫോണിൽ ബന്ധപ്പെട്ട് ഓൺലൈൻ ട്രേഡിംഗ് മുഖേനെ  കൂടുതൽ ലാഭം വാഗ്ദാനം ചെയ്യുകയും ഓഹരി ബിസിനസുമായി ബന്ധപ്പെട്ട മൊബൈൽ ആപ്ലിക്കേഷൻ  ഇൻസ്റ്റാൾ ചെയ്യുന്നതിന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് നടന്ന ഇടപാടുകളിൽ  ചെറിയ ലാഭം നൽകി വിശ്വാസം നേടിയ ശേഷം വലിയ തുക നിക്ഷേപിക്കുന്നതിന് പ്രതികൾ പ്രേരിപ്പിച്ചു.  തുടർന്നാണ് 1.23 കോടി രൂപ തൊടുപുഴ സ്വദേശിയായ യുവാവിന് നഷ്ടപ്പെട്ടത്. 

തട്ടിപ്പുകൾ കൂടുതലും സെബിയുടെയും റിസർവ് ബാങ്കിന്റെയും പേരിൽ

സെബിയുടെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും പേരിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലായും നടക്കുന്നതെന്നും ജില്ലയിൽ ഓൺലൈൻ തട്ടിപ്പ് കേസുകൾ ക്രമാതീതമായി വർധിക്കുന്നുവെന്നും ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് പറഞ്ഞു. ഓൺലൈനായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന അവസരത്തിൽ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകണം. കൺസൾട്ടൻസികളെ കണ്ണുംപൂട്ടി വിശ്വസിക്കരുതെന്നും ജില്ലാ പൊലിസ് മേധാവി പറഞ്ഞു. വാട്സ് ആപ്പിലും ഈമെയിലിലും മറ്റും ലഭിക്കുന്ന പ്രലോഭനകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ അപകടകരമായ ആപ്പുകളാണ് നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ആവുക. അതിലൂടെ ഉപയോക്താവിന് ലഭിക്കുന്ന ഒടിപി അടക്കമുള്ള വിവരങ്ങൾ ചോർത്തപ്പെടും. ഇതിനെതിരെ പൊതുജനം ജാഗ്രതപുലർത്തണം.

തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം വിവരം അറിയിക്കുക

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം വിവരം 1930 ൽ അറിയിക്കുക. എത്രയും വേഗം  റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. ആഗസ്ത് 14  വരെ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ പ്രകാരം 7.50 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പാണ്  ഈ വർഷം ഇടുക്കി ജില്ലയിൽ നടന്നിട്ടുള്ളത്. 63  ഓൺലൈൻ തട്ടിപ്പുകളിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ വർഷം ആകെ  52 കേസുകളായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios