തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതം നേരിടുന്നവര്‍ക്ക് കൈത്താങ്ങാകാൻ ടെക്കികളും. തിരുവനന്തപുരം ടെക്നോപാർക്കിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ഏഴ് ലോഡ് സാധനങ്ങൾ ഇതിനകം ദുരിതമേഖലയിലേക്ക് അയച്ച കഴിഞ്ഞു. കംപ്യൂട്ടർ കീബോർഡുകൾക്ക് മുന്നിൽ അടയിരിക്കുന്നവരല്ല തങ്ങളെന്ന് വീണ്ടും തെളിയിക്കുകയാണ് ടെക്കികൾ. 

കഴിഞ്ഞ പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനുമെല്ലാം സജീവമായി രംഗത്തിറങ്ങിയവരാണ് ടെക്നോപാർക്ക് ജീവനക്കാർ. ഇക്കുറിയും പതിവ് തെറ്റിയില്ല. ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസമായി കളക്ഷൻ സജീവമാണ്. ശേഖരിച്ച സാധനങ്ങൾ ആവശ്യത്തിനനുസരിച്ച് ദുരിതാശ്വാസക്യാംപുകളിൽ ജീവനക്കാർ തന്നെ നേരിട്ടത്തെത്തിക്കുന്നതും ചെയ്തു. 

കൽപ്പറ്റയ്ക്കും കവളപ്പാറയ്ക്കും പുറമേ ഇടുക്കി ഇടമലക്കുടിയിലേക്കും സാധനങ്ങൾ കയറ്റി അയച്ചു. ദുരിതബാധിതർ വീട്ടിലേക്ക് മടങ്ങുന്പോൾ ഉപയോഗിക്കാനായി പുനരധിവാസകിറ്റുകൾ നൽകാനാണ് അടുത്തപടിയായി ഉദ്ദേശിക്കുന്നത്.