വള്ളിക്കാപറ്റയിൽ കുടുംബത്തിലെ മൂന്ന് പേർ അപകടത്തിൽ പെട്ട് മരണപ്പെടാനിടയാക്കിയ അപകടം സൽക്കാരത്തിന് പങ്കെടുക്കുന്നതിനുള്ള യാത്രയ്ക്കിടെ.

മലപ്പുറം: വള്ളിക്കാപറ്റയിൽ കുടുംബത്തിലെ മൂന്ന് പേർ അപകടത്തിൽ പെട്ട് മരണപ്പെടാനിടയാക്കിയ അപകടം സൽക്കാരത്തിന് പങ്കെടുക്കുന്നതിനുള്ള യാത്രയ്ക്കിടെ. കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ച ഉസ്മാന്റെ മകളുടെ വിവാഹം നടന്നത്. അതിലെ സൽക്കാരമാണ് ഇന്ന് നടക്കാനിരുന്നത്. അതിൽ പങ്കെടുക്കാനായിരുന്നു സംഘം യാത്ര തിരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉച്ചക്ക് 12 മണിയോടെയാണ് അപകടം നടന്നത്. വള്ളിക്കാപറ്റയിൽ വെച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ 40 അടി ഉയരത്തിൽ നിന്നും താഴേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ആനക്കയം ചേപ്പൂർ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46 ), സഹോദരൻ ഉസ്മാൻ (36), ഭാര്യ സുലൈഖ (33) എന്നിവരാണ് മരിച്ചത്. 

ഓട്ടോ ഡ്രൈവർ ചണ്ടിയൻ മൂച്ചി അസൻ കൂട്ടി, ഉസ്മാന്റെയും സഹോദരിയുടെയും മൂന്ന് കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു അപകടത്തിൽ പെട്ട കുടുംബം. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഉള്ളത്. പരുക്കുകളോടെ ഓട്ടോ ഡ്രൈവറേയും മൂന്നു കുട്ടികളെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.