ഇടുക്കി: ഇടുക്കിയിലെ കമ്പിളികണ്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. കമ്പിളികണ്ടം സ്വദേശി ജോസ്, ഭാര്യ മിനി, ആറാം ക്ലാസിൽ പഠിക്കുന്ന മകൻ ആൽബിൻ എന്നിവരെയാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പ് മുറിയിലെ കട്ടിലിലായിരുന്നു മൃതദേഹങ്ങൾ. സാമ്പത്തിക ബാധ്യത നിമിത്തം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. 

വീട്ടിൽ നിന്ന് ഇവർ കഴിച്ചതെന്ന് കരുതുന്ന കീടനാശിനിയുടെ ബാക്കി കണ്ടെടുത്തു. വിഷം കഴിക്കാൻ വിസ്സമതിച്ച നാല് വയസുള്ള ഇളയമകൾ രക്ഷപ്പെട്ടു. കമ്പിളികണ്ടത്തെ വനിത സ്വയം സഹായ സംഘത്തിന്‍റെ സെക്രട്ടറിയായിരുന്നു മരിച്ച മിനി. സംഘത്തിന്‍റെ പേരിൽ പിരിച്ച 40,000 രൂപ മിനി ബാങ്കിൽ അടച്ചിരുന്നില്ല. ഇതിനെതിരെ അംഗങ്ങൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ 20,000 രൂപ ഇന്ന് ഉച്ചയ്ക്ക് മുമ്പ് നൽകാമെന്നായിരുന്നു ധാരണ. ഇതിന് കഴിയാത്തതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. കൂടാതെ കുടുംബശ്രീയിൽ നിന്ന് ഒന്നര ലക്ഷം രൂപയും മിനി വായ്പ എടുത്തിരുന്നു.

കൂലിപ്പണിക്കാരനായി ജോസിനും സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് സൂചന. ഇവ‍ർ താമസിക്കുന്ന 30 സെന്‍റ് ഭൂമിയ്ക്ക് പട്ടയമില്ല. ഇൻക്വിസ്റ്റ് പൂർത്തിയാക്കി മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ നാളെ വൈകീട്ട് കമ്പിളികണ്ടം സെന്‍റ് ജോർജ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.