അധ്യാപകരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായെന്ന് അന്വേഷണ കമ്മീഷൻ വിലയിരുത്തി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കൊല്ലം ഈസ്റ്റ് പൊലീസും കേസെടുത്ത് അന്വേഷണം നടത്തി വരുകയാണ്

കൊല്ലം: ഫാത്തിമാ മാതാ കോളേജിലെ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്പെൻഷൻ. കോളേജ് മാനേജ്മെന്‍റ് നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഫാത്തിമ മാതാ കോളേജിലെ സ്വാശ്രയവിഭാഗം ബിഎ ഇംഗ്ലീഷ് ആദ്യ വര്‍ഷ വിദ്യാര്‍ഥിനിയായ രാഖി കൃഷ്ണയാണ് മരണപ്പെട്ടത്.

രാഖി പരീക്ഷയെഴുതിയ ക്ലാസിന്‍റെ ചുമതലയുണ്ടായിരുന്ന അധ്യാപിക ഡോ. നിഷ, പരീക്ഷാ സ്ക്വാഡിന്‍റെ ചുമതലയുണ്ടായിരുന്ന അധ്യാപകൻ സജിമോൻ, രാഖിയുടെ വസ്ത്രത്തിന്‍റെ ചിത്രം പകര്‍ത്തിയ അധ്യാപിക ലില്ലി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചാണ് ഒന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ രാഖി കൃഷ്ണനെ ക്ലാസില്‍ നിന്ന് പുറത്താക്കിയത്. അധ്യാപകരുടെ ഭാഗത്ത് നിന്ന് പരസ്യ അവഹേളനം ഏറ്റുവാങ്ങിയ രാഖി കോളേജില്‍ നിന്ന് പുറത്തേക്കോടി.

കൊല്ലം എആര്‍ ക്യാമ്പിന് മുന്നിലെത്തി ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു. രാഖിയുടെ മരണത്തെത്തുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് വിവിധ സംഘടനകള്‍ കോളേജില്‍ നടത്തിയത്. തുടര്‍ന്നാണ് ഏഴംഗ അന്വേഷണ കമ്മിറ്റിയെ മാനേജ്മെന്‍റ് നിയോഗിച്ചത്.

അധ്യാപകരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായെന്ന് അന്വേഷണ കമ്മീഷൻ വിലയിരുത്തി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കൊല്ലം ഈസ്റ്റ് പൊലീസും കേസെടുത്ത് അന്വേഷണം നടത്തി വരുകയാണ്. രാഖിയുടെ സഹപാഠികളുടെയും കോളേജ് ജീവനക്കാരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തി.

രാഖിയുടെ വസ്ത്രത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ അധ്യാപികയുടെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇതിനിടെ രാഖിയുടെ മരണത്തിന് ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന ആവശ്യവുമായി മാതാപിതാക്കള്‍ മുഖ്യമന്ത്രിയേയും ഡിജിപിയേയും കാണാൻ ഒരുങ്ങുകയാണ്.