അനുജനെ കൊലപ്പെടുത്തിയ കേസിൽ ജ്യേഷ്ഠന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
തൃശൂര്‍: അനുജനെ കൊലപ്പെടുത്തിയ കേസില്‍ ജ്യേഷ്ഠന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. സഹോദരനായ ആന്റു (56) വിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ പോളി (67) നെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എന്‍. വിനോദ് കുമാര്‍ കുറ്റക്കാരനാണെണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം ഒരു വര്‍ഷം കഠിനതടവിനുമാണ് ശിക്ഷിച്ചത്. പിഴ സംഖ്യ ഈടാക്കുന്ന പക്ഷം സംഖ്യ കൊല്ലപ്പെട്ട ആന്റുവിന്റെ ഭാര്യയ്ക്ക് നഷ്ടപരിഹാരമായി നല്‍കുവാനും വിധിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രതി മാനസിക രോഗിയാണെന്ന പ്രതിഭാഗം വാദം തള്ളിയാണ് കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷ വിധിച്ചത്. കുമ്പിടി സ്വദേശിയായ ജോസ് എന്നയാളെ കൊന്ന കേസില്‍ പ്രതി ഇപ്പോള്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.
2020 സെപ്റ്റംബര്‍ മാസം 22 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇരുവരും തമ്മില്‍ ഉണ്ടായ പലപ്പോഴായുള്ള വഴക്കിനെ തുടര്‍ന്നുള്ള വൈരാഗ്യത്തിൽ ആന്റുവിനെ ഇരുമ്പ് കമ്പിവടി കൊണ്ട് അടിച്ച് പ്രതി കൊലപ്പെടുത്തുകയായിരുന്നു. മാള പൊലീസ് ചാര്‍ജ് ചെയ്ത കേസിലാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 30 സാക്ഷികളേയും 53 രേഖകളും 19 തൊണ്ടിവസ്തുക്കളും പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയേയും രണ്ടു രേഖകളും ഹാജരാക്കി തെളിവ് നല്‍കിയിരുന്നു. മാള പൊലീസ് സ്റ്റേഷന്‍ പൊലീസ് ഇന്‍സ്‌പെക്ടറായ സജിന്‍ ശശിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല, അഡ്വ. ജോജി ജോര്‍ജ്, അഡ്വ. ശ്രീദേവ് തിലക്, അഡ്വ. റെറ്റോ വിന്‍സെന്റ് എന്നിവര്‍ ഹാജരായി. ലെയ്‌സണ്‍ ഓഫീസര്‍ കെ.വി. വിനീഷ് പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. കൊല്ലപ്പെട്ട ആന്റുവിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് മാറ്റി.
