തൃശ്ശൂര്‍: പ്രീഡിഗ്രി തുല്യതാ പരീക്ഷയെച്ചൊല്ലിയുള്ള സാങ്കേതികതയില്‍ പിടിച്ചുതൂങ്ങി അംഗപരിമിതനായ വിദ്യാര്‍ത്ഥിക്കെതിരെ വീണ്ടും തൃശൂര്‍ ലോ കോളജിന്‍റെ ക്രൂരത. പ്രീഡിഗ്രി തത്തുല്യ പരീക്ഷ പാസായി ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ കഴിഞ്ഞശേഷം, നിയമ എന്‍ട്രന്‍സ് എഴുതിയ തൃശൂര്‍ ലോ കോളജില്‍ പ്രവേശനം നേടിയ തൃശ്ശൂര്‍ സ്വദേശി ബിജു പോളിനെതിരെയാണ് നടപടി. സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ ഇടപെടലുകയും ബിജുവിനെ പ്രവേശിപ്പിക്കുന്നതിന് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വ്യക്തമാക്കുകയും ചെയ്തതിനു പിന്നാലെയാണ്, എല്ലാ പ്രതീക്ഷകളും കെടുത്തി ബിജുവിനെ ലോ കോളജില്‍നിന്ന് പുറത്താക്കിയത്. 

ബാര്‍ കൗണ്‍സില്‍ നിബന്ധനകള്‍ അനുസരിച്ചുള്ള യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കിയെന്ന അറിയിപ്പ് ഇന്നാണ് ബിജുവിന് ലഭിച്ചത്. സര്‍വകലാശാല ബിജുവിന് അനുകൂലമായ നിലപാട് എടുക്കുകയും വിഷയം ബാര്‍കൗണ്‍സിലിനു മുന്നില്‍ എത്തി നില്‍ക്കുകയും ചെയ്തതിനിടെയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സമയം പോലും നല്‍കാതെ ബിജുവിനെ പുറത്താക്കിയത്. സര്‍വ്വകലാശാല ഉത്തരവ് ഇന്നലെയാണ് പുറത്തിറക്കിയത്. ഇന്നലെ തന്നെയാണ് ബിജുവിന്‍റെ പ്രവേശനം റദ്ദാക്കി ലോ കോളേജ് ഉത്തരവിറക്കിയത്. ബാര്‍ കൗണ്‍സിലിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സമയം പോലും നല്‍കാതെയായിരുന്നു കോളേജിന്‍റെ തീരുമാനം.

എല്‍എല്‍ബി പ്രവേശനത്തിനുള്ള ബാര്‍ കൗണ്‍സിലിന്‍റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായല്ലെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് ബിജു പോളിന്‍റെ എല്‍എല്‍ബി പ്രവേശനം റദ്ദാക്കിയത്. രണ്ടുവര്‍ഷത്തെ പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ്ടു എന്ന സാങ്കേതികതയാണ് ബിജുവിന്‍റെ എല്‍എല്‍ബി പ്രവേശനത്തില്‍ കല്ലുകടിയായിരിക്കുന്നത്. പ്രീഡിഗ്രിക്ക് തുല്യമായ സര്‍വ്വകലാശാല പരീക്ഷ പാസായെങ്കിലും രണ്ടുവര്‍ഷം കോഴ്സ് ചെയ്തില്ലെന്ന സാങ്കേതിക കാരണം പറഞ്ഞാണ് അംഗപരിമിതിക്കെതിരെ പൊരുതി നേട്ടങ്ങള്‍ കൊയ്ത ബിജുവിനെ ദ്രോഹിക്കുന്നത്.

വിഷയത്തില്‍ മന്ത്രി കെ ടി ജലീല്‍ ഇടപെട്ടതിന് പിന്നാലെ ബിജുവിന് പ്രവേശനം നല്‍കുന്നതില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് എതിര്‍പ്പില്ലെന്ന് വൈസ് ചാന്‍സലര്‍ ഡോ കെ മുഹമ്മദ് ബഷീര്‍ കോളേജിനെ അറിയിച്ചിരുന്നു. എന്‍‍റോള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുമോയെന്ന കാര്യത്തില്‍ ബാര്‍ കൗണ്‍സില്‍ തീരുമാനം അന്വേഷിക്കാനും വൈസ് ചാന്‍സലര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ബാര്‍ കൗണ്‍സില്‍ അനുവദിക്കുന്ന യോഗ്യതകള്‍ ഇല്ലാത്തതിനാലാണ് ബിജുവിനെ പുറത്താക്കുന്നതെന്നും കോളേജ് പ്രിന്‍സിപ്പല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ബാര്‍ കൗണ്‍സിലിലേക്ക് ബിജുവിന്‍റെ സാഹചര്യം വിശദമാക്കി ബാര്‍ കൗണ്‍സിലിലേക്ക് അറിയിച്ചിട്ടുണ്ട്. അവിടെ നിന്ന് നിര്‍ദ്ദേശങ്ങള്‍ ഒന്നും ലഭിക്കാത്തതിനാലാണ് നിലവിലെ നടപടി. പ്രവേശനത്തിന്‍റെ ചട്ടപ്പടിയുള്ള നടപടിയാണ് കോളേജ് സ്വീകരിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. ഉടന്‍ തന്നെ പുതിയ വിദ്യാര്‍ത്ഥിക്കായി പ്രവേശന നടപടികള്‍ ആരംഭിക്കും. കോളേജിന് പ്രവേശന വിഷയത്തില്‍ പ്രത്യേക താല്‍പര്യങ്ങളൊന്നുമില്ലെന്നും കൃത്യമായാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. 

ആഗസ്റ്റ് 20നാണ് വിഷയത്തില്‍ ബാര്‍ കൗണ്‍സിലിന്‍റെ നിര്‍ദ്ദേശം സ്വീകരിക്കാനും ബിജു പോളിന്‍റെ പ്രവേശനത്തില്‍ എതിര്‍പ്പില്ലെന്നും കാലിക്കറ്റ് സര്‍വ്വകലാശാല കോളേജിനെ അറിയിക്കുന്നത്. ഇക്കാര്യം ഇനി ബാര്‍ കൗണ്‍സില്‍ തീരുമാനിക്കട്ടെ എന്നായിരുന്നു സര്‍വ്വകലാശാലയുടെ നിലപാട്. എന്നാല്‍ ബാര്‍ കൗണ്‍സിലിന്‍റെ തീരുമാനം വരുന്നതിന് മുന്‍പ് തന്നെ കോളേജ് അധികൃതര്‍ ബിജു പോളിനെ പുറത്താക്കുകയായിരുന്നു.

 

23–ാം വയസ്സിൽ അപകടത്തിൽ പെട്ടതിനെ തുടര്‍ന്ന് ചലനശേഷി നഷ്ടപ്പെടുമ്പോൾ പത്താം ക്ലാസ് മാത്രമായിരുന്നു ബിജുവിന്‍റെ വിദ്യാഭ്യാസം. കൂട്ടുകാരുമൊത്തു കാറിൽ യാത്രചെയ്യുമ്പോൾ ലോറിയിടിച്ചുണ്ടായ അപകടമാണ് മരത്താക്കര ചേർപ്പുക്കാരൻ  ബിജു പോളിനെ വീഴ്ത്തിയത്. ഒപ്പമുണ്ടായിരുന്ന നാലുപേരുടെയും ജീവനെടുത്ത ദുരന്തം ബിജുവിന്‍റെ പാതി ജീവനാണ് കവര്‍ന്നത്. നെഞ്ചിന് താഴേക്ക് ചലനശേഷി നഷ്ടമായി. കിടപ്പിലേക്കും പതിയെ വീൽചെയറിലേക്കു മാറി.

പക്ഷെ വിധിയോട് തോല്‍ക്കാന്‍ ബിജു തയ്യാറായിരുന്നില്ല. 16 വര്‍ഷം തളർന്നു കിടന്ന ശരീരവുമായി വീൽ ചെയറിൽ കലാലയത്തിന്‍റെ പടികൾ കയറിയിറങ്ങിയ ബിജു കാലിക്കറ്റ് സർവകലാശാല പ്രീഡിഗ്രി ഇല്ലാത്തവർക്ക് ഡിഗ്രിക്ക് ചേരാൻ നടത്തുന്ന തത്തുല്യ പ്രവേശന പരീക്ഷ 39 ാം വയസിലാണ് പാസ്സായത്. 

ബി എ മലയാളം 70 ശതമാനം മാർക്കോടെയും പിന്നീട് കേരളവർമ്മ കോളേജിൽ നിന്ന് എംഎയും ബിജു പാസ്സായി. അഭിഭാഷകൻ ആകാനുള്ള മോഹം സാക്ഷാത്കരിക്കാൻ തൃശൂർ ലോ കോളേജിൽ അഡ്മിഷൻ നേടി ഒരു മാസം പിന്നിടുമ്പോഴാണ് സാങ്കേതിക കാരണങ്ങള്‍ വീണ്ടും ബിജുവിന്‍റെ സ്വപ്നങ്ങള്‍ക്ക് വെല്ലുവിളിയാവുന്നത്. ബിരുദ ബിരുദാനന്തര പഠനത്തിന് തത്തുല്യ പരീക്ഷ യോഗ്യത മതി എന്നിരിക്കെ എല്‍എല്‍ബി പ്രവേശനം റദ്ദ് ആകുന്നതു നീതി നിഷേധമാണെന്ന് ബിജു പറയുന്നത്. 

പ്രീഡിഗ്രി തത്തുല്യ പരീക്ഷ പാസായാൽ പോരെന്ന കാരണത്താല്‍ എൽഎല്‍ബി പ്രവേശനം തുലാസിലായ അംഗപരിമിതനായ യുവാവിന് ഇനി വേണ്ടത് ബാര്‍ കൗണ്‍സിലിന്‍റെ അനുകൂല നിലപാടാണ്.  കോളേജില്‍ നിന്ന് പുറത്താക്കിയ വിവരവുമായുള്ള കത്ത് ഇന്ന് ലഭിച്ചെന്ന് ബിജു പറഞ്ഞു. യുവാവിന്‍റെ തൃശൂർ ലോ കോളേജിലെ എല്‍എല്‍ബി അഡ്മിഷന്‍ റദ്ദാക്കാതിരിക്കാന്‍ വൈസ് ചാന്‍സലര്‍ ഇന്നലെ കോളേജിന് നിര്‍ദ്ദേശം നല്‍കിയിരുന്നതാണെന്ന് ബിജു പോള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. എന്‍‍റോള്‍ ചെയ്യുന്നതിന് തടസ്സമുണ്ടാകാതിരിക്കാന്‍ ബാര്‍ കൗണ്‍സിലിന് കത്ത് നല്‍കുമെന്നും അനുകൂല നിലപാടുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ബിജു പോള്‍ പറഞ്ഞു.