വേലിയേറ്റത്തില്‍ വീടുകളില്‍ വെള്ളം കയറി. നൂറ്റിയമ്പതില്‍ അധികം വീടുകള്‍ വെള്ളത്തിന് നടുവില്‍. വീട് ഉപേക്ഷിച്ച് പോകേണ്ട അവസ്ഥയില്‍ ജനങ്ങള്‍. കടല്‍ ഭിത്തി നിര്‍മാണം എങ്ങുമെത്തിയില്ല

കൊച്ചി: രൂക്ഷമായ കടലാക്രമണത്തില്‍ കൊച്ചി ചെല്ലാനത്തെ ജനങ്ങള്‍ ദുരിതത്തില്‍. ശക്തമായ വേലിയേറ്റത്തില്‍ മുപ്പതോളം വീടുകളിൽ വെള്ളം കയറി. ഈ സ്ഥിതി തുടര്‍ന്നാല്‍ വീട് ഉപേക്ഷിക്കേണ്ടി വരുമെന്ന അവസ്ഥയിലാണ് ജനങ്ങള്‍. വീട്ടു വാതിലിന് അടുത്ത് മണല്‍നിറച്ച ചാക്കുകള്‍ അട്ടിയായി വെയ്ക്കുകയാണ് ജെസഫൈന്‍ എന്ന വീട്ടമ്മ.പടിക്കല്‍വരെയെത്തിയ വെള്ളം ഏത് നിമിഷവും വീട്ടിനുള്ളില്‍ കയറും. വീട്ടുസാധനങ്ങളെല്ലാം മാറ്റി. ഇനിയെങ്ങോട്ട് പോകുമെന്ന് യാതൊരു നിശ്ചയവുമില്ല

ചെല്ലാനം തീരദേശത്തെ ഒരു കുടംബത്തിന്‍റെ മാത്രം അവസ്ഥയല്ല ഇത്. പ്രദേശത്തെ മിക്കവീടുകളുടെയും അവസ്ഥ ഇതാണ്. വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ തിരമാലകള്‍ ആര്‍ത്തലച്ചതോടെ മുപ്പത് വീടുകള്‍ക്കുള്ളില്‍വെള്ളം കയറി. 150 ലധികം വീടുകള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. കടല്‍ ഭിത്തി നിര്‍മാണം പൂര്‍ത്തിയാകാത്തതാണ് ഇത്തവണ ദുരിതം ഇരട്ടിയാക്കിയത്. 

കഴിഞ്ഞ ഏപ്രിലില്‍ കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍വാക്ക് നല്‍കിയിരുന്നു. എന്നാല്‍ അതെല്ലാം വെറും പാഴ്വാക്കായി. സ്ഥിതിഗതികള്‍ രൂക്ഷമായിട്ടും റവന്യൂ അധികൃതര്‍ഇത് വരെ തിരിഞ്ഞു നോക്കിയിട്ടുമില്ല.