കല്‍പ്പറ്റ: വന്യമൃഗ ഭീതിയില്‍ കഴിയുന്ന ചീയമ്പം 73ല്‍ മൂന്ന് കടുവകളെന്ന് നാട്ടുകാര്‍. വനംവകുപ്പ് ഇവിടെ സ്ഥാപിച്ച ക്യാമറകളില്‍ ആരോഗ്യവാനായ കടുവയുടെ ദൃശ്യം ലഭിച്ചിട്ടുണ്ട്. ചീയമ്പം 73 ന് പുറമെ ആനപ്പന്തി, മാതമംഗലം ഭാഗങ്ങളിലും കടുവ ശല്യം രൂക്ഷമാണ്.


ഒരു മാസത്തിനുള്ളില്‍ 12 ആടുകളും ഒരു പശുക്കിടാവും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ചത്തു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാല് ആടുകളെയാണ് കടുവ വകവരുത്തിയത്. ആടിനെ മേയ്ക്കാന്‍ വിട്ട് കുട്ടികളടക്കം കളിക്കുന്നതിന് സമീപത്ത് നിന്നാണ് ഏറ്റവും ഒടുവില്‍ കടുവയെത്തി ആടിനെ ആക്രമിച്ചത്. കോളനിവാസിയായ കോരു എന്നയാളുടെ ആടിനെയാണ് കൊണ്ടുപോയത്. പ്രദേശത്ത് മൂന്ന് കടുവകളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

അതേ സമയം നിരന്തരം കടുവ ആക്രമണങ്ങളുണ്ടായിട്ടും കൂട് സ്ഥാപിക്കാത്ത വനംവകുപ്പിന്റെ നടപടിക്കെതിരെ സമരം നടത്തിയവരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍ അടക്കം പത്ത് പേരുടെ പേരില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനാണ് കേണിച്ചിറ പൊലീസ് കേസെടുത്തിട്ടുള്ളത്. വനംവകുപ്പിന്റെ ഒത്താശയോടെ പ്രതിഷേധിക്കുന്നവരെ ഇല്ലാതാക്കാനുള്ള നടപടിയാണ് അധികൃതര്‍ നടത്തുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.