മീനങ്ങാടിയിൽ ആടുകളെ കൊന്ന കടുവയാണ് ഇവിടെയും ആക്രമണം നടത്തിയതെന്നാണ് വനം വകുപ്പ് പറയുന്നത്.

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം രൂക്ഷമാകുന്നു. സുല്‍ത്താന്‍ ബത്തേരി ബീനാച്ചിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ വളർത്തുമൃഗങ്ങളെ കൊന്നു. ബീനാച്ചി കൊണ്ടോട്ടിമുക്ക് ഉമ്മറിന്റെ രണ്ട് ആടുകളെയാണ് കടുവ കൊന്നത്. വിവരമറിഞ്ഞെത്തിയ വനപാലകർ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. 

മീനങ്ങാടിയിൽ ആടുകളെ കൊന്ന കടുവയാണ് ഇവിടെയും ആക്രമണം നടത്തിയതെന്നാണ് വനം വകുപ്പ് പറയുന്നത്. കടുവ ബീനാച്ചി എസ്റ്റേറ്റിനുള്ളിൽ ഉണ്ടെന്നാണ് സംശയിക്കുന്നത്. എന്നാല്‍ കാടുമൂടിയ എസ്റ്റേറ്റിൽ തെരച്ചിൽ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടാണ് വനം വകുപ്പിന് മുന്നിലുള്ള വെല്ലുവിളി. അതേസമയം തുടര്‍ച്ചയായുണ്ടായ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പൊറുതി മുട്ടിയിരിക്കുകയാണ് വയനാട്ടിനെ ജനം. കടുവയെ പിടികൂടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും വനം വകുപ്പ് കെണിയൊരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ആഴ്ച്ചയും വയനാട്ടില്‍ കടുവയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നിരുന്നു. രണ്ട് കുടുംബങ്ങളുടെ ജീവിത മാര്‍ഗ്ഗമായിരുന്ന ഏഴ് ആടുകളെയാണ് കടുവ ഒറ്റദിവസം വകവരുത്തിയത്. പൂതാടി പഞ്ചായത്തിലെ സി സി യിലും മീനങ്ങാടി പഞ്ചായത്തിലുമായി ഏഴ് ആടുകളെയാണ് കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ കടുവ കൊന്നത്. കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആടുകളുടെ ജഡങ്ങളുമായി നാട്ടുകാര്‍ വയനാട്ടില്‍ രണ്ടിടത്ത് റോഡ് ഉപരോധിച്ചിരുന്നു.

കൊളഗപ്പാറ ചൂരിമലക്കുന്ന് തുരുത്തുമ്മേല്‍ മേഴ്സിയുടെ നാലും ആവയല്‍ പുത്തന്‍പുര സുരേന്ദ്രന്റെ മൂന്നും ആടുകളെയാണ് കടുവ കൊന്നത്. ഇന്നലെ കൊലപ്പെടുത്തിയവ അടക്കം ഒരു മാസത്തിനിടെ കടുവയുടെ ആക്രമണത്തില്‍ 20 ഓളം ആടുകള്‍ ആണ് വയനാട്ടില്‍ കൊല്ലപ്പെട്ടത്. സുല്‍ത്താന്‍ബത്തേരി ചീരാലില്‍ മാസങ്ങളോളം ജനവാസകേന്ദ്രത്തില്‍ ഭീതി പരത്തിയ കടുവയെ വനം വകുപ്പ് പിടികൂടിയെങ്കിലും വീണ്ടും കടുവ നാട്ടിലിറങ്ങിയതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. കടുവയുടെ ആക്രമണം കൂടിയതോടെ വനംവകുപ്പിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 

Read More : പ്രഭാത സവാരിക്കിറങ്ങിയ യുവാവ് കടുവയെ കണ്ട് ഭയന്ന്, ഹൃദയാഘാതം വന്ന് മരിച്ചു