ഒരു ഘട്ടത്തില്‍ പുഴയിലേക്ക് ചാടി മറുകര ലക്ഷ്യമാക്കി നീന്തിയെങ്കിലും പിന്നീട് മരക്കടവ് ഭാഗത്തേക്ക് തന്നെ തിരിച്ച് നീന്തി കയറുകയായിരുന്നു. കടുവ വന്നുകയറിയ മുളങ്കാടിനരികെ ടയര്‍ കത്തിച്ചും ചെണ്ടകൊട്ടിയുമുള്ള തുരത്തല്‍ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. 

കല്‍പ്പറ്റ: നിരീക്ഷണത്തിനായി ക്യാമറകളും ഫ്ലെഡ് ലൈറ്റുകളും സ്ഥാപിച്ചിട്ടും കണ്ടെത്താനാകാത്ത കടുവ, പുല്‍പ്പള്ളി മരക്കടവ് പ്രദേശത്തെ ഭീതിയിലാഴ്ത്തുന്നു. കടുവയെ തുരത്താനുള്ള വനംവകുപ്പിന്റെയും നാട്ടുകാരുടെയും ശ്രമങ്ങള്‍ ഇതുവരെയും ഫലം കണ്ടിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാത്രി ഏറെ വൈകിയും കര്‍ണാടക കാട്ടിലേക്ക് കടുവയെ തുരത്താന്‍ ശ്രമിച്ചെങ്കിലും പ്രദേശത്തെ മുളങ്കാട് വിട്ടിറങ്ങാന്‍ കടുവ തയ്യാറായില്ല. 

ഒരു ഘട്ടത്തില്‍ പുഴയിലേക്ക് ചാടി മറുകര ലക്ഷ്യമാക്കി നീന്തിയെങ്കിലും പിന്നീട് മരക്കടവ് ഭാഗത്തേക്ക് തന്നെ തിരിച്ച് നീന്തി കയറുകയായിരുന്നു. കടുവ വന്നുകയറിയ മുളങ്കാടിനരികെ ടയര്‍ കത്തിച്ചും ചെണ്ടകൊട്ടിയുമുള്ള തുരത്തല്‍ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. 

കടുവയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ മൂന്ന് ക്യാമറകള്‍ വനംവകുപ്പ് മരക്കടവില്‍ സ്ഥിപിച്ചിട്ടുണ്ട്. നാഗര്‍ഹോള പുനരധിവാസ കേന്ദ്രത്തില്‍ നിന്നാണ് കടുവ മരക്കടവില്‍ എത്തിയതെന്നാണ് നിഗമനം. അതിനാല്‍ തന്നെ കടുവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ കര്‍ണാടക വനംവകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ചെതലയം ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ വി രതീഷ് അറിയിച്ചു. 

സര്‍ക്കസ് കൂടാരങ്ങളില്‍ നിന്നോ മറ്റോ ഒഴിവാക്കി പുനരധിവസിപ്പിക്കുന്ന കടുവയാണോ എന്നൊക്കെയുള്ള വിവരങ്ങളാണ് ലഭിക്കേണ്ടത്. മരക്കടവിലിറങ്ങിയ കടുവ ഇതുവരെയും മനുഷ്യരെ ആക്രമിച്ചിട്ടില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. 

കടുവ നിലയുറപ്പിച്ച മുളങ്കാടിന് സമീപം ക്യാമറയും ഫ്ലൈഡ് ലൈറ്റും സ്ഥാപിച്ച് 24 മണിക്കൂര്‍ നിരീക്ഷണത്തിനാണ് വനംവകുപ്പിന്റെ പദ്ധതി. ഇതിനകം തന്നെ ഒരു പശുവിനെ കടുവ ഭക്ഷണമാക്കിയിട്ടുണ്ട്. ആരോഗ്യമുള്ള കടുവയായതിനാല്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കാന്‍ ഉറക്കമിളച്ച് കാവലിരിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍. 

സന്ധ്യമയങ്ങുന്നതിന് മുമ്പ് തന്നെ പ്രദേശത്തെ കടകളിലെല്ലാം ഇപ്പോള്‍ ആളൊഴിയും. കടുവയെ തുരത്താനായി പോകുന്നവര്‍ മാത്രമാണ് രാത്രി പുറത്തിറങ്ങുന്നത്. അതേ സമയം കൂട് സ്ഥാപിച്ച് പിടികൂടണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് ഇതുവരെ വനംവകുപ്പ് അനുകൂലമായി പ്രതികരിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.