മണ്ണാര്‍മലയില്‍ ശനിയാഴ്ച വൈകീട്ട് പുലിയെ വീണ്ടും കണ്ടെത്തി. സി.സി.ടി.വി ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞു. നാട്ടുകാര്‍ സ്ഥാപിച്ച കെണിക്ക് സമീപത്തുകൂടി പുലി നടന്നുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം.

മലപ്പുറം: ഇടവേളക്ക് ശേഷം മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി. സ്ഥിരം സാന്നിധ്യമുള്ള മണ്ണാര്‍മല മാട് റോഡ് ഭാഗത്താണ് ശനിയാഴ്ച വൈകീട്ട് 7.19ന് പുള്ളിപ്പുലി വീണ്ടും സി.സി.ടി. വി ക്യാമറക്ക് മുന്നിലെത്തിയത്. നാട്ടുകാര്‍ സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. ക്യാമറക്ക് സമീപമായാണ് ആടിനെ ഇരയാക്കി വെച്ച് കെണി സ്ഥാപിച്ചിരിക്കുന്നത്. മലമുകളില്‍ നിന്ന് ഇറങ്ങി വന്ന് കെണിയുടെ മുന്നില്‍ ഒരു മിനിറ്റോളം കിടന്നു വിശ്രമിച്ച് കെണിയുടെ സമീപത്തു കൂടി താഴെ ഭാഗത്തേക്ക് ഇറങ്ങി പോകുകയായിരുന്നു.

പിന്നീട്, റോഡ് മുറിച്ചു കടക്കുന്നതിനിടെ യാത്രക്കാര്‍ കണ്ടതായി പറയുന്നുണ്ട്. വാഹനത്തിരക്കുള്ള സമയത്താണ് പുലി റോഡ് മുറിച്ചു കടന്നത്. മണ്ണാര്‍മലയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ പലതവണ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കെണിയില്‍ കുടുങ്ങാത്ത പുലിയെ മയക്കുവെടിവെച്ച് പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.