ശബരിമല സന്നിധാനത്തേക്ക് ശർക്കരയുമായി വന്ന ട്രാക്ടർ വനപാതയിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞു, ഡ്രൈവര്‍ക്ക് പരിക്ക്
പമ്പയിൽ നിന്നും സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് വന്ന ട്രാക്ടർ ആണ് ചരൽമേടിന് സമീപം മറിഞ്ഞത്

പത്തനംതിട്ട: ശബരിമല സന്നിധാനത്തിലേക്കുള്ള പാതയില്‍ ട്രാക്ടര്‍ മറിഞ്ഞു. ശബരിമല സന്നിധാനത്തേക്ക് ശർക്കര കയറ്റി വന്ന ട്രാക്ടർ ആണ് റോഡില്‍നിന്ന് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. കുഴിയിലേക്ക് ട്രാക്ടര്‍ മറിഞ്ഞെങ്കിലും ഡ്രൈവര്‍ പരിക്കുകളുടെ രക്ഷപ്പെട്ടു. ഡ്രൈവര്‍ക്ക് നിസാര പരിക്ക് മാത്രമാണെന്ന് അധികൃതര്‍ അറിയിച്ചു. പമ്പയിൽ നിന്നും സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് വന്ന ട്രാക്ടർ ആണ് ചരൽമേടിന് സമീപം മറിഞ്ഞത്. അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ ട്രാക്ടർ പുറത്തെടുത്തു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് അയ്യപ്പന്‍ റോഡിലേക്ക് മാറ്റിയശേഷം ട്രാക്ടര്‍ ഉയര്‍ത്തിയത്. ഏറെ അപകടകരമായ പാതയിലൂടെ സാധനങ്ങളുമായി പോകുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ട്രാക്ടറുകളിലൊന്നാണ് മറിഞ്ഞത്.
ഇതിനിടെ, പത്തനംതിട്ടയില്‍ ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. സംഭവത്തില്‍ ബസ്സിന്‍റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. പത്തനംതിട്ട അത്തിക്കയത്ത് ഇന്ന് രാത്രിയോടെയാണ് സംഭവം. ആന്ധ്രയിൽ നിന്നുള്ള തീർഥാടകരുടെ ബസിന് നേരെയാണ് കല്ലേറുണ്ടായത്. ബൈക്കിലെത്തിയ രണ്ടു പേരാണ് ബസിനുനേര കല്ലെറിഞ്ഞത്. ബസിന്‍റെ മുന്‍വശത്തെത്തിയശേഷം കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ബസിന്‍റെ മുന്‍വശത്തെ ചില്ലു തകര്‍ന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തി. കല്ലെറിഞ്ഞവര്‍ക്കായി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കല്ലെറിഞ്ഞ അക്രമികളെ കണ്ടെത്താനാണ് പൊലീസ് ശ്രമം