ജനം കൂട്ടത്തോടെ വയനാട്ടിലേക്ക്; താമരശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്
ചുരം സംരക്ഷണ സമിതിയും പൊലീസും ചേര്‍ന്ന് ഗതാഗതക്കുരുക്കഴിക്കാന്‍ ശ്രമിക്കുന്നുണ്ട്.

കല്‍പ്പറ്റ: താമരശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. രാവിലെ മുതല്‍ തുടങ്ങിയ ഗതാഗത തടസം വൈകിട്ടോടെ രൂക്ഷമായി. രാവിലെ ലോറിയും ബസും കൂട്ടിയിടിച്ച് എട്ടാം വളവില്‍ അപകടം ഉണ്ടായതിന് പിന്നാലെയാണ് ഗതാഗത കുരുക്ക് ആരംഭിച്ചത്.
രണ്ട് ദിവസത്തെ അവധി ആഘോഷിക്കാന്‍ വയനാട്ടിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് ഗതാഗതക്കുരുക്ക് വൈകിട്ടോടെ രൂക്ഷമാകാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. ചുരം സംരക്ഷണ സമിതിയും പൊലീസും ചേര്‍ന്ന് കുരുക്കഴിക്കാന്‍ ശ്രമിക്കുന്നുണ്ട്. വൈകിട്ട് ഏഴ് മണിയോടെ ക്രെയിനെത്തി ലോറി റോഡരികിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
വൈകുന്നേരം 3.30യ്ക്ക് ലക്കിടിയില്‍ എത്തിയവര്‍ക്ക്, ഏഴു മണിയായിട്ടും അവിടെ നിന്ന് മുന്നോട്ട് നീങ്ങാനായിട്ടില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. തുടര്‍ച്ചയായി അവധി ദിവസമായതിനാന്‍ രാവിലെ മുതല്‍ ചുരത്തില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്. ചുണ്ടയില്‍ മുതല്‍ കൈത പൊയില്‍ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്.
ക്ഷേത്രത്തിലെ നിലവിളക്ക് മോഷണം; രണ്ട് പേര്‍ പിടിയില്‍
തിരുവനന്തപുരം: ഒറ്റശേഖരമംഗലം മണ്ഡപത്തിന്‍കടവ് ചേനാട് ദേവി യോഗീശ്വര ക്ഷേത്രത്തിലെ നടപ്പന്തലില്‍ സ്ഥാപിച്ചിരുന്ന വലിയ നിലവിളക്ക് മോഷ്ടിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വെള്ളറട മുട്ടച്ചല്‍ പനയാട് വടക്കുംകര പുത്തന്‍വീട്ടില്‍ രാജന്‍ (52), വെള്ളറട കാക്ക തൂക്കി നിഷാ ഭവനില്‍ രതീഷ് (35) എന്നിവരെയാണ് ആര്യങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞാണ് മോഷണം നടന്നത്.
50,000 രൂപയുടെ അഞ്ചര അടിയോളം ഉയരമുള്ള ആറ് തട്ടുള്ള നിലവിളക്കാണ് ഇരുവരും ചേര്‍ന്ന് കവര്‍ന്നത്. വ്യാഴാഴ്ച രാവിലെ ക്ഷേത്ര ജീവനക്കാരനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടര്‍ന്ന് ആര്യങ്കോട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയത്. നിലവിളക്ക് മോഷണം നടത്തിയ ശേഷം പാലിയോടുള്ള ആക്രിക്കടയില്‍ വിളക്ക് വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് മോഷ്ടാക്കള്‍ എത്തിയിരുന്നു. എന്നാല്‍ ആക്രിക്കട ഉടമ വിളക്ക് വാങ്ങില്ലെന്ന് അറിയിച്ചതോടെ അവിടുന്ന് ഇരുവരും മടങ്ങി. തുടര്‍ന്ന് പനച്ചമൂട്ടിലെ ആക്രി കടയില്‍ വിളക്ക് വിറ്റു.
പൊലീസ് അന്വേഷണത്തില്‍ ആക്രിക്കട ഉടമയുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പനച്ചമൂട്ടിലെ ആക്രി കടയില്‍ നിന്നും വിളക്ക് കണ്ടെത്തി തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒളിവിലായിരുന്ന ഇരുവരെയും ആര്യങ്കോട് പൊലീസ് പിടികൂടുകയായിരുന്നു. ആര്യങ്കോട് എസ്.എച്ച് ഒ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരും ഒട്ടേറെ മോഷണം കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതി ഹാജരാക്കി റിമാന്‍ഡ് ചെയ്തു.