കോഴിക്കോട്: യന്ത്രത്തകരാര്‍ കാരണം ലോറി വഴിയില്‍ കുടുങ്ങിയത് മൂലം താമരശ്ശേരി ചുരം റോഡില്‍ മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഒമ്പതാം വളവിന് താഴെ റോഡില്‍ വീതി കുറഞ്ഞ ഭാഗത്തായാണ് ഉച്ചക്ക് മൂന്ന് മണിയോടെ വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി കുടുങ്ങിയത്. 

വീതി കുറഞ്ഞ ഭാഗമായതിനാല്‍, അരികിലൂടെ മറ്റ് വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ പറ്റാത്തവിധം ഗതാഗതം തടസപ്പെട്ടതോടെ വയനാട് ഭാഗത്ത് വൈത്തിരി വരെയും താഴെ അടിവാരം വരെയും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. വൈകിട്ട് താമരശേരിയില്‍ നിന്ന് ക്രെയിന്‍ എത്തിച്ച്, ആറ് മണിയോടെ ലോറി മാറ്റിയതോടെയാണ് ഗതാഗതം പുനരാരംഭിച്ചത്. 

കിലോമീറ്ററുകളോളം വാഹനങ്ങള്‍ കുടുങ്ങി കിടന്നതിനാല്‍ ലോറി മാറ്റിയിട്ടും ഗതാഗതം സുഗമമായിട്ടില്ല. താമരശേരി ട്രാഫിക് പൊലിസും ചുരം സംരക്ഷണ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്.