രണ്ട് ഭാഗത്തേക്കും ഗതാഗതം അനുവദിക്കും, മൂന്നാം റീച്ച് ആൽത്തറ - തൈക്കാട് റോഡ് നാളെ തുറക്കുന്നു
നോർക്ക മുതൽ വനിതാ കോളേജ് വരെയുള്ള റോഡാണ് രാവിലെ 9.30 ഓടെ തുറന്നു നൽകുക. ഇവിടെ ഇരുഭാഗത്തേക്കും ഉള്ള ഗതാഗതം അനുവദിക്കും.
തിരുവനന്തപുരം: സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന ആൽത്തറ - തൈക്കാട് റോഡിന്റെ മൂന്നാം റീച്ച് വെള്ളിയാഴ്ച ഗതാഗതത്തിന് തുറന്ന് നൽകും. നോർക്ക മുതൽ വനിതാ കോളേജ് വരെയുള്ള റോഡാണ് രാവിലെ 9.30 ഓടെ തുറന്നു നൽകുക. ഇവിടെ ഇരുഭാഗത്തേക്കും ഉള്ള ഗതാഗതം അനുവദിക്കും.
ഈ റീച്ചിൽ റോഡ് ഫോർമേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി റോഡ് ഒന്നാംഘട്ടം ടാറിംഗ് പൂർത്തിയാക്കിയിരുന്നു. ഡക്റ്റിന്റെ പ്രവൃത്തികൾ പൂർത്തീകരിച്ച് കേബിളുകൾ കടത്തിവിട്ടാണ് റോഡ് ഫോമേഷനിലേക്ക് കടന്നത്. ഈ റോഡിൽ ആൽത്തറ മുതൽ ഫോറസ്റ്റ് സ്റ്റേഷൻ വരെയും വനിതാ കോളേജ് വരെയുമുള്ള രണ്ടു റീച്ചുകൾ നേരത്തെ ഗതാഗതത്തിന് തുറന്നുനൽകിയിരുന്നു.
അട്ടക്കുളങ്ങര - കിള്ളിപ്പാലം റോഡ്, ജനറൽ ആശുപത്രി - വഞ്ചിയൂർ റോഡ് , തൈക്കാട് ഹൗസ് - കീഴെ തമ്പാനൂർ ( എംജി രാധാകൃഷ്ണൻ റോഡ് ) എന്നീ റോഡുകളും വരുംദിവസങ്ങളിൽ ഗതാഗതത്തിന് തുറന്നു കൊടുക്കാൻ ആകുമെന്ന് കെ.ആർ.എഫ്.ബി അധികൃതർ അറിയിച്ചു.
നേരത്തെ 2 റോഡുകൾ പൂർണമായും സ്മാർട്ട് ആക്കി മാറ്റുകയും 4 റോഡുകൾ ആദ്യഘട്ട ടാറിംഗ് നടത്തി ഗതാഗതത്തിന് തുറന്ന് നൽകുകയും ചെയ്തിരുന്നു. ഇതിന് പുറമെ 25 റോഡുകളിലും നവീകരണം സാധ്യമാക്കി. സ്മാർട്ട് സിറ്റി പദ്ധതിയിൽ ആദ്യകരാറുകാരൻ ഉപേക്ഷിച്ചതിനെ തുടർന്ന് നിലച്ചിരുന്ന റോഡ് പ്രവൃത്തി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ ഇടപെടലിനെ തുടർന്ന് റീ ടെണ്ടർ നടത്തി പുനരാരംഭിക്കുക ആയിരുന്നു. ഓരോ റോഡിനും പ്രത്യേകം പ്രത്യേകം കരാർ നൽകിയാണ് പ്രവൃത്തി പുനരാരംഭിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം