വയനാട്: ശക്തമായ മണ്ണിടിച്ചിലെത്തുടർന്ന് വൻനാശം സംഭവിച്ച പുത്തുമല ദുരന്തം പാഠമാകാതെ വയനാട്ടിലെ വൻകിട തോട്ടങ്ങളിൽ മരം മുറിയും ഭൂമി തരംമാറ്റലും വ്യാപകമാകുന്നു. ടൂറിസത്തിന്റെ പേരിലാണ് ജില്ലയിലെ വിവിധയിടങ്ങളിലായി ഭൂമി തരംമാറ്റൽ ഏറെയും നടക്കുന്നത്.

പുത്തുമല ഉൾപ്പെടുന്ന മേപ്പാടി പഞ്ചായത്തിലെ ഒരു സ്വകാര്യ എസ്റ്റേറ്റിൽ തൊഴിലാളികൾക്കുള്ള ആശുപത്രി റിസോർട്ട് ആക്കി മാറ്റിയിരിക്കുകയാണ്. മേപ്പാടിയിലെ ചെമ്പ്രയിൽ ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷുകാർ ആരംഭിച്ച തേയിലത്തോട്ടത്തിലെ തൊഴിലാളികൾക്കായി 1950- ൽ പണിക്കഴിപ്പിച്ചതാണ് ആശുപത്രി. അടുത്ത കാലം വരെ സജീവമായി പ്രവർത്തിച്ചിരുന്ന ആശുപത്രിയാണ് ഇപ്പോൾ റിസോർട്ട് ആക്കി മാറ്റിയിരിക്കുന്നത്. കെട്ടിടത്തിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഉൾപ്പെടെ നിർമ്മിച്ചിട്ടുമുണ്ട്.

നഷ്ടത്തിന്റെ പേരു പറഞ്ഞ് തൊഴിലാളികളെ വെട്ടിക്കുറച്ച് ടൂറിസത്തിലേക്ക് വഴി മാറ്റാനുള്ള തിടുക്കത്തിലാണ് ഭൂരിഭാഗം തോട്ടങ്ങളും. തോട്ടങ്ങളിലെ മരംമുറിക്കുള്ള നിയന്ത്രണം കുറഞ്ഞതോടെ വ്യാപക മരം മുറിയാണ് ഈ മഴക്കാലത്ത് പോലും നടക്കുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് തോട്ടങ്ങളിലെ അഞ്ച് ശതമാനം ഭൂമി ടൂറിസം ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു.

നിലവിലെ സർക്കാരാകട്ടെ റീ പ്ലാന്റിംഗിന്റെ പേരിൽ മരംമുറിക്കുള്ള നിയന്ത്രണം ഇളവു ചെയ്യുകയും ചെയ്തു. ഈ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് തോട്ടം ഉടമകൾ. ഉരുൾപൊട്ടലിൽ തൊഴിലാളികളുടെ താമസസ്ഥലം ഉൾപ്പെടെ അപ്രത്യക്ഷമാകുമ്പോഴും ഈ കടുംവെട്ടിന് മാറ്റം വരുന്നില്ല.