കൊല്ലം: കൊല്ലം ജില്ലാ പഞ്ചായത്തിൻറെ കീഴിലുളള കോട്ടുക്കൽ ജില്ല കൃഷി ഫാമിന്‍റെ വസ്തുവില്‍ നിന്ന് ലക്ഷകണക്കിന് രൂപ വില വരുന്ന വൻ മരങ്ങൾ മുറിച്ചു കടത്തി. സംഭവം വിവാദമായതോടെ ഒരു ലോഡ് തടികൾ തിരികെ എത്തിച്ചു. മോഷണക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസമാണ് സംഭവം. ചുവട് ദ്രവിച്ച് അപകട ഭീഷണിയായി നില്‍ക്കുന്ന 370 മരങ്ങൾ വെട്ടി മാറ്റാനും പുതിയ മരങ്ങൾ വച്ചുപിടിപ്പിക്കാനുമാണ് സോഷ്യൽ ഫോറസ്ട്രി വകുപ്പ് അനുമതി കൊടുത്തത്. 

ഇതിന്‍റെ മറവിലാണ് സ്വകാര്യ വ്യക്തി അക്വേഷ്യ , മാ‍ഞ്ചിയം മഹാഗണി ഉള്‍പ്പെടെ വൻ മരങ്ങൾ മുറിച്ചു മാറ്റി കടത്തിയത്. അവധി ദിവസങ്ങളിൽ ഫാമിൽ ഒരു വാഹനങ്ങൾക്കും പ്രവേശനമില്ലന്നിരിക്കെ മുറിച്ച മരങ്ങൾ ഞായറാഴ്ച്ച ദിവസമാണ് ഫാമിൽ നിന്നും കൊണ്ടുപോയത്. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തി.

പരാതിയെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ കൃഷിഫാമിൽ പരിശോധന നടത്തി. അനധികൃതമായി മരങ്ങൾ മുറിച്ചതായി കണ്ടത്തി പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും അനുമതി ഇല്ലാതെ മരം മുറിച്ച് കടത്തിയതിനെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അധികൃതരുടെ അറിവോടെയാണ് മരം മുറിച്ച് കടത്തിയതെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷൻ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്.