ട്രാവലര്‍ ഡ്രൈവര്‍ തിരുവനന്തപുരം കൊല്ലോട് കൂവക്കുഴി എസ് എസ് ഭവനില്‍ എം സദ്രാക്കിന്റെ മകന്‍ ഷാരോണ്‍ എസ് സദ്രാക് (26) ആണ് മരിച്ചത്. ട്രാവലറില്‍ 20 ഓളം പേരുണ്ടായിരുന്നു. ഇടിയെ തുടര്‍ന്ന് ട്രാവലറില്‍ കുടുങ്ങിയ ഡ്രൈവറുള്‍പ്പടെ 4 പേരെ ഒരു മണിക്കൂറോളം പരിശ്രമിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്

ഹരിപ്പാട്: ഹരിപ്പാട് ദേശിയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ദേശീയപാതയില്‍ ചേപ്പാട് ജംഗ്ഷന് തെക്കുവശം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയുടെ മുന്‍വശത്ത് ഇന്ന് രാവിലെ ആയിരുന്നു അപകടം. തിരുവനന്തപുരം നെയ്യാറ്റിന്‍കര നിന്ന് ചോറ്റാനിക്കര ദേവീക്ഷേത്ര ദര്‍ശനത്തിന് പോയവര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലറും എ ടി എസ് പാഴ്‌സല്‍ വാനും പച്ചക്കറി ലോറിയും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.

തിരുവനന്തപുരത്ത് നിന്ന് വന്ന ട്രാവലറും ആലപ്പുഴ ഭാഗത്ത് നിന്ന് കായംകുളം ഭാഗത്തേക്ക് വന്ന പാഴ്‌സല്‍ വാനും തമ്മില്‍ ആദ്യം കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ദിശതെറ്റിയ ട്രാവലറില്‍ എതിരേ വന്ന പച്ചക്കറി ലോറി ഇടിച്ചു മറിയുകയുമായിരുന്നു. ട്രാവലര്‍ വരുന്നത് കണ്ട് കൂട്ടി ഇടി ഒഴിവാക്കുവാന്‍ പച്ചക്കറി ലോറിയുടെ ഡ്രൈവര്‍ പെട്ടെന്ന് വെട്ടിച്ചെങ്കിലും ട്രാവലറില്‍ കൊരുത്ത് കയറി റോഡിന് കുറുകെ മറിയുകയായിരുന്നു. അപകടത്തില്‍ ട്രാവലര്‍ ഡ്രൈവര്‍ തിരുവനന്തപുരം കൊല്ലോട് കൂവക്കുഴി എസ് എസ് ഭവനില്‍ എം സദ്രാക്കിന്റെ മകന്‍ ഷാരോണ്‍ എസ് സദ്രാക് (26) ആണ് മരിച്ചത്.

ട്രാവലറില്‍ 20 ഓളം പേരുണ്ടായിരുന്നു. ഇടിയെ തുടര്‍ന്ന് ട്രാവലറില്‍ കുടുങ്ങിയ ഡ്രൈവറുള്‍പ്പടെ 4 പേരെ ഒരു മണിക്കൂറോളം പരിശ്രമിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തില്‍ പരിക്കേറ്റ 17 ഓളം പേര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ കായംകുളം ഗവ.ആശുപത്രിയിലും ചികിത്സയിലാണ്. സാരമായി പരിക്കേറ്റ ശരണ്യ (25), സുര (52), അഞ്ജു (20), മകള്‍ അക്ഷര (7 മാസം), ഷീജ (40) മകന്‍ ആദിദേവ് (4), സജി (43), ഗോമതി (67), ശരണ്യ (20), ശ്യാം (25), വിഷ്ണു (25), ഉഷ (48), രതീഷ് (31), ശരത് (18), ലോറി ഡ്രൈവര്‍ നാസറുദ്ദീന്‍ (25) എന്നിവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രതീഷ്, ശ്യാം, അഞ്ജു എന്നിവരുടെ പരുക്ക് ഗുരുതരമാണ്. നിസാര പരുക്കേറ്റ ഷാജികുമാര്‍ (55)നെ കായംകുളം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാസറുദ്ദീന്‍ ഒഴിച്ചുള്ള ബാക്കിയുള്ളവരെ ഇന്ന് ഉച്ചയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി. അപകടത്തെ തുടര്‍ന്ന് രണ്ടുമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗത കുരുക്കുണ്ടായി. വാഹനങ്ങള്‍ ദേശീയപാതയുടൈ താഴെയുള്ള പഴയ റോഡ് വഴിയും കായംകുളം കാര്‍ത്തികപ്പള്ളി റോഡ് വഴിയും തിരിച്ചു വിട്ടു. ഹരിപ്പാട് നിന്ന് ലീഡിംഗ് ഫയര്‍മാന്‍ നാസറുദ്ദീന്റെയും കായംകുളത്ത് നിന്ന് വിനോദ് കുമാറിന്റെയും നേതൃത്വത്തിലുള്ള അഗ്‌നിശമന സേനയും കരീലക്കുളങ്ങരയില്‍ നിന്നുള്ള പൊലീസും ഹൈവെ പോലീസും അപകടസ്ഥലത്തെത്തി സ്ഥിതി ഗതികള്‍ നിയന്ത്രിച്ചു.