അമ്പൂരി തൊടുമല കാരിക്കുഴി കോഴിക്കണ്ടം മലയുടെ അടിവാരത്ത് ടി ഷൈജുവിന്‍റെ പുരയിടത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് മൂന്നര വയസുള്ള പെൺ പുലിയെ കണ്ടെത്തിയത്
തിരുവനന്തപുരം: അമ്പൂരിയിൽ കാട്ടുപന്നിക്ക് വച്ച കെണിയിൽ കുടുങ്ങിയ പുലി ചത്ത സംഭവത്തിൽ കേസെടുത്ത് വനംവകുപ്പ്. കെണി വച്ചതിനാണ് നെയ്യാർ അസിസ്‌റ്റന്‍റ് വൈൽഡ് ലൈഫ് വാർഡൻ വന കുറ്റകൃത്യം ചുമത്തി കേസെടുത്തത്. ഇത് പ്രാഥമിക നടപടിയാണെന്നും ആരെയും പ്രതിചേർത്തിട്ടില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കെണിവെയ്ക്കാനുള്ള സാഹചര്യം ഉൾപ്പടെ പരിശോധിക്കും. പുലിയെ കണ്ടെത്തിയ കൃഷിയിടത്തിൽ വനം വകുപ്പ് പരിശോധന നടത്തുന്നുണ്ട്. അമ്പൂരി തൊടുമല കാരിക്കുഴി കോഴിക്കണ്ടം മലയുടെ അടിവാരത്ത് ടി ഷൈജുവിന്‍റെ പുരയിടത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് മൂന്നര വയസുള്ള പെൺ പുലിയെ കണ്ടെത്തിയത്.
മയക്കുവെടി വച്ച ശേഷം നെയ്യാർ ലയൺ സഫാരി പാർക്കിൽ നിരീക്ഷണത്തിലായിരുന്ന പിറ്റേന്ന് രാവിലെ ചത്തു. പതിനെട്ട് മണിക്കൂറിലേറെ പുലി കെണിയിൽ കുരുങ്ങിക്കിടന്നെന്നാണ് നിഗമനം. രണ്ട് വാരിയെല്ലുകൾ ഒടിഞ്ഞ് കമ്പി തറച്ച നിലയിലായിരുന്നു പുലിയെ കണ്ടത്. വൃക്ക, കരൾ എന്നിവയ്ക്ക് സാരമായ മുറിവേറ്റിരുന്നു. ഉദര ഭാഗത്തായിരുന്നു കൂടുതൽ പരുക്ക്. പുലിയുടെ ആന്തരിക അവയവങ്ങൾ രാസ പരിശോധനാ ലാബിലേക്ക് മാറ്റാനായിരുന്നു തീരുമാനം.
ജില്ലയിൽ പിടികൂടുന്ന വന്യമൃഗങ്ങൾ നിരീക്ഷണത്തിലിരിക്കെ ചാവുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ഒക്ടോബറിലായിരുന്നു വിതുര മാങ്കാലയിലെ റബർ തോട്ടത്തിൽ കിണറ്റിൽ വീണ കാട്ടുപോത്ത് ചികിത്സ നൽകുന്നതിനിടെ ചത്തത്. 2023 ഏപ്രിലിൽ വെള്ളനാട് കണ്ണംമ്പള്ളി കുറിഞ്ചിലക്കോടി കിണറ്റിൽ വീണ കരടിയെ മയക്കുവെടി വച്ച് വലയിൽ കെട്ടി കയറ്റവെ താഴെ വീണ് കരടി മുങ്ങിച്ചത്തു. 2017 ൽ ബോണക്കാട് കണ്ടെത്തിയ കുട്ടിയാനയും ചരിഞ്ഞിരുന്നു. പുലി ചത്തതിന് പിന്നാലെ വിശദമായ അന്വേഷണത്തിനാണ് വനംവകുപ്പ് തീരുമാനം.
അതിനിടെ കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വാർത്ത വാൽപ്പാറയിൽ തെയിലത്തോട്ടത്തിൽ 7 വയസുകാരനെ പുലി കടിച്ചു കൊന്നു എന്നതാണ്. അസം സ്വദേശികളുടെ മകൻ മൂർ ബുജി ആണ് മരിച്ചത്. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിൽ തിങ്കളാഴ്ച വൈകിട്ട് 7.30 നായിരുന്നു സംഭവം. കടയില്‍ പോകുന്നതിനിടെയായിരുന്നു പുലിയുടെ ആക്രമണം ഉണ്ടായത്. വൈകുന്നേരം അഞ്ച് മണിക്ക് പാൽ വാങ്ങാൻ പോയ കുട്ടി ആറ് മണിയായിട്ടും തിരിച്ചെത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴ് മണിയോടെ കുട്ടിയെ തേയിലത്തോട്ടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആക്രമിച്ചത് പുലിയാണോ കരടിയാണോ എന്ന് സംശയവും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്നുണ്ട്. വാല്‍പ്പാറയില്‍ ഒരു മാസം മുമ്പ് പുലി മറ്റൊരു കുട്ടിയെ കടിച്ച് കൊലപ്പെടുത്തിയിരുന്നു. നാല് വയസ്സുകാരിയെ ആണ് അന്ന് പുലി കൊന്ന് തിന്നത്.


