തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കാപ്പ ഉത്തരവ് ലംഘിച്ച് അക്രമം നടത്തിയ രണ്ട് യുവാക്കളെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളാർ കൈതവിള കോളനിയിൽ ജിത്തുലാൽ(26), പുഞ്ചക്കരി മുട്ടളക്കുഴി ലക്ഷം വീട്ടിൽ അമ്പു(32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാപ്പ കേസ് പ്രതിയാണ് ജിത്തുലാൽ.

നിരവധി അടിപിടി അക്രമ കേസുകളിൽ ജിത്തുലാൽ നേരത്തെ തന്നെ പ്രതിയാണ്. ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. തിരുവല്ലം സ്റ്റേഷനിൽ ദിവസവും ഹാജരാകണമെന്ന് ജിത്തുലാലിനോട് വ്യവസ്ഥ ചെയ്‌തിരുന്നു. എന്നാൽ ഇതിനിടയിലും ഇയാൾ അക്രമം തുടർന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി മുക്കോലയിൽ വച്ച് യുവാവുമായി ജിത്തുലാൽ ഏറ്റുമുട്ടിയിരുന്നു. ഈ സംഭവത്തിൽ തിരുവല്ലം പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.

നേരത്തെ കഞ്ചാവുമായി പിടികൂടിയതിന് പിന്നാലെ മുട്ടളക്കുഴി സ്വദേശിയായ അമ്പുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇയാൾ പിന്നീടും സമൂഹത്തിന് പൊതുശല്യമായ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്നാണ് പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പരിഗണിച്ച കോടതി രണ്ട് പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

YouTube video player