ഹരിപ്പാട്: നിര്‍ത്തി ഇട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചു കയറി കാര്‍ യാത്രികരായ 2 പേര്‍ മരിച്ചു. 2 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ദേശീയപാതയില്‍ നങ്യാര്‍കുളങ്ങര ജംഗ്ഷന് സമീപം ഇന്ന് പുലര്‍ച്ചെ 5.50 ഓടെ ആയിരുന്നു അപകടം. ഡ്രൈവര്‍ തിരുപ്പൂര്‍ 4/271 എസ്.ആര്‍ നഗര്‍ തങ്കസ്വാമിയുടെ മകന്‍ വെങ്കിടാചലം (35), യാത്രക്കാരന്‍ പൊള്ളാച്ചി വി.കെ.ആര്‍ സ്ട്രീറ്റ് വരതരാജന്റെ മകന്‍ ശരവണന്‍ (47) എന്നിവരാണ് മരിച്ചത്.

കാറില്‍ ഉണ്ടായിരുന്ന മറ്റു രണ്ടുപേരായ പൊള്ളാച്ചി സ്വദേശികളായ നന്ദകുമാര്‍ (38), ശെല്‍വരാജന്‍ (41) എന്നിവരെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡ് വശത്തു നിര്‍ത്തി ഇട്ടിരുന്ന ലോറിക്ക് പിന്നില്‍ പൊള്ളാച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിന് പോയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഹരിപ്പാട് എമര്‍ജന്‍സി റെസ്‌ക്യു ടീം അംഗങ്ങളും പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. ശരവണന്‍ സംഭവ സ്ഥലത്തും വെങ്കിടാചലം ഹരിപ്പാട് താലൂക് ആശുപത്രിയിലുമാണ് മരിച്ചത്.