ആലപ്പുഴ: നഗരമധ്യത്തിലെ സ്​റ്റേഷനറി കടയിൽനിന്ന്​ രണ്ട് ലക്ഷം രൂപയുടെ സിഗരറ്റ്​ കവർന്നു. ആലപ്പുഴ സ്​റ്റേഡിയം വാർഡ്​ റെയ്​ബാൻ കോംപ്ലക്​സിൽ സുധീറി​ന്റെ ഉടമസ്ഥതയിലെ ബിഎം സ്​റ്റോഴ്​സിലായിരുന്നു മോഷണം. ബുധനാഴ്​ച രാത്രി 11.45നാണ്​ സംഭവം. 

കടയുടെ പുറത്തെ ഷട്ടറിനോട്​ ​ ചേർന്നുള്ള ഗേറ്റ്​ വഴിഎത്തിയ മോഷ്​ടാവ്​ ഷട്ടറി​ൻ്റെ പൂട്ട്​ തകർത്താണ്​ അകത്തുകയറിയത്​. ഷെൽഫിൽ സൂക്ഷിച്ചിരുന്ന കിങ്ങ്​സ്​ ലൈറ്റ്​, വിൽസ്​, മിനി വിൽസ്​, ഗോൾഡ്​, മിനി ഗോൾഡ്​ എന്നിവയടക്കമുള്ള സിഗരറ്റുകളാണ്​ കവർന്നത്​. 

വ്യാ​ഴാഴ്​ച രാവിലെ 8.30ന്​ കട തുറക്കാനെത്തിയ​ ജോലിക്കാരാണ്​ പൂട്ടുതകർന്നത്​ കണ്ടത്​. തുടർന്ന്​ നടത്തിയ പരി​ശോധനയിലാണ്​ മോഷണവിവരം അറിയുന്നത്​. മേശ കുത്തിത്തുറന്ന്​ സാധനങ്ങൾ വാരിവലിച്ചിട്ടിരുന്നു. ഇതിനൊപ്പമുണ്ടായ പേഴ്​സിൽ സൂക്ഷിച്ച എടിഎം, പാൻ കാർഡ് അടക്കമുള്ള രേഖകൾ നഷ്​ടപ്പെട്ടിട്ടില്ല.

പഴ്​സിലെ സൗദി റിയാലും തിരിച്ചുകിട്ടി. കടയിലെ സിസിടിവി ദൃശ്യത്തിൽ പാൻറ്​ ധരിച്ച്​ 35-40 വയസ്സ്​ തോന്നിക്കുന്ന കഷണ്ടിയുള്ള മോഷ്​ടാവി​ൻറ ചിത്രം തെളിഞ്ഞിട്ടുണ്ട്​. സൗത്ത്​ പൊലീസ്​ സ്ഥലത്തെത്തി പരിശോധന നടത്തി.