301 കോളനിയിലെ താമസക്കാരായ ഗോപി നാഗൻ (50),  സജീവൻ (45) എന്നിവരെയാണ് കാണാതായത്.

ഇടുക്കി: ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി. 301 കോളനിയിലെ താമസക്കാരായ ഗോപി നാഗൻ (50), സജീവൻ (45) എന്നിവരെയാണ് കാണാതായത്. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെ പത്തോടെയാണ് വള്ളം മറ‍ിഞ്ഞ് ഇരുവരെയും കാണാതായത്. 301 കോളനിയില്‍ന്നും ആനയിറങ്കല്‍ ഡാമിലുടെ സ്വന്തം വള്ളത്തില്‍ ആനയിറങ്കലിലേക്ക് പോയി അവശ്യസാധനങ്ങള്‍ വാങ്ങി തിരിച്ചുവരുന്നതിനിടെയാണ് അപകടം. വള്ളത്തില്‍ തിരിച്ചുവരുന്നതിനിടെ മറിയുകയായിരുന്നു. അപകടം നടന്നത് കണ്ടയുടനെ പ്രദേശവാസികള്‍ സ്ഥലത്തേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.

വള്ളത്തിലുണ്ടായിരുന്ന സജീവനാണ് ആദ്യം ഡാമില്‍ മുങ്ങിയത്. ഗോപി അല്‍പംകൂടി മുന്നോട്ട് തുഴഞ്ഞെങ്കിലും വള്ളം പൂര്‍ണമായും മുങ്ങിപോവുകയായിുരന്നു. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്സുമെത്തി. നാട്ടുകാര്‍ സ്വന്തം വള്ളങ്ങളിലായും തിരച്ചില്‍ നടത്തുന്നുണ്ട്. വൈകിട്ടോടെ മുങ്ങല്‍ വിദഗ്ധരെ ഉള്‍പ്പെടെ സ്ഥലത്തെത്തി തിരച്ചില്‍ ഊര്‍ജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കാണാതായ സ്ഥലം ചതുപ്പ് പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനവും ഏറെ ശ്രമകരമാണ്. മുമ്പ് അരികൊമ്പന്‍റെ സാന്നിധ്യമുണ്ടായിരുന്ന പ്രദേശമാണ് ആനയിറങ്കല്‍ ഡാമും 301 കോളനിയും.

Readmore... കോട്ടയം മീനന്തറയാറ്റില്‍ യുവാവ് മുങ്ങി മരിച്ചു, മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍

ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി | Idukki