സുൽത്താൻബത്തേരിയിൽ വാഹന പരിശോധനയ്ക്കിടെ KL 05 D 756 കാറിൽ MDMA യുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി, കാറും കസ്റ്റഡിയിലെടുത്തു

സുല്‍ത്താന്‍ബത്തേരി: എം ഡി എം എയുമായി യുവാക്കളെ ബത്തേരി പൊലീസ് പിടികൂടി. കുപ്പാടി കാരായി കാരക്കണ്ടി വീട്ടില്‍ കെ ശ്രീരാഗ് (22), ചീരാല്‍ താഴത്തുര്‍ അര്‍മാടയില്‍ വീട്ടില്‍ മുഹമ്മദ് സഫ്വാന്‍ (19) എന്നിവരാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മുത്തങ്ങക്ക് അടുത്ത പൊന്‍കുഴിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ പിടിയിലായത്. ഇരുവരും മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കെ എല്‍ 05 ഡി 756 കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തില്‍ നിന്നും 0.89 ഗ്രാം എം ഡി എം എയാണ് കണ്ടെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നവര്‍ക്കായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായി വയനാട്ടിലെ അതിര്‍ത്തി ചെക്‌പോസ്റ്റുകളിലെല്ലാം പൊലീസും എക്‌സൈസും പഴുതടച്ച പരിശോധനകളാണ് സംഘടിപ്പിച്ച് വരുന്നത്. കേരളത്തിലേക്ക് വരുന്ന ബസ്സുകളെല്ലാം ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. ഇതിന് പുറമെ സംശയിക്കുന്ന ചരക്കുവാഹനങ്ങളെയും പരിശോധിച്ചതിന് ശേഷമാണ് കടത്തിവിടുന്നത്.

മകൻ കഞ്ചാവ് കേസിൽ പ്രതി; അന്വേഷണത്തിൽ വീട്ടുകാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മകൻ കഞ്ചാവ് കേസിൽ പ്രതിയായതിന്‍റെ പേരിൽ വീട്ടിലുള്ളവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു എന്നതാണ്. കേസിന്‍റെ അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ പരാതിക്കാരിയായ വട്ടപ്പാറ സ്വദേശിനിക്ക് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകാമെന്നും കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്‍റെ ഉത്തരവിൽ പറഞ്ഞു. 2023 ജൂലൈ 15 ന് വട്ടപ്പാറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറും സംഘവും വീട്ടിൽ അതിക്രമിച്ച് കയറി പരാതിക്കാരിയെ ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് മനുഷ്യാവകാശ കമ്മീഷനിൽ ലഭിച്ച പരാതി. റൂറൽ ജില്ലാ പൊലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ മകനെതിരെ കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് ക്രൈം 1057/23 കേസ് രജിസ്റ്റർ ചെയ്തതായും മകന് കഞ്ചാവ് കച്ചവടവുമായി ബന്ധമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് വീട്ടിൽ നിയമപ്രകാരം പരിശോധന നടത്തിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ പരാതിക്കാരിയെ മർദിച്ചത് സംബന്ധിച്ച പരാമർശമൊന്നും റിപ്പോർട്ടിലില്ല. ഇതോടെയാണ് പരാതിക്കാരിയുടെ മകൻ പ്രതിയായ കേസ് നിയമപരമായ മാർഗത്തിലൂടെ പരിഹാരം കാണണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ നിർദേശിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം