പുല്‍പ്പള്ളി പാമ്പ്ര എസ്റ്റേറ്റില്‍ നിന്ന് ലക്ഷകണക്കിന് രൂപയുടെ മരങ്ങള്‍ മുറിച്ചു കടത്തിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ സജികുമാര്‍ രയരോത്തിനെയാണ് തൊടുപുഴ സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായി നിയമിച്ചിരിക്കുന്നത്. 

വയനാട്: വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്ന് മരംമുറിച്ച് കടത്തിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥന് ആഴ്ചകള്‍ക്കുള്ളില്‍ പുനര്‍നിയമനം. പുല്‍പ്പള്ളി പാമ്പ്ര എസ്റ്റേറ്റില്‍ നിന്ന് ലക്ഷകണക്കിന് രൂപയുടെ മരങ്ങള്‍ മുറിച്ചു കടത്തിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ സജികുമാര്‍ രയരോത്തിനെയാണ് തൊടുപുഴ സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായി നിയമിച്ചിരിക്കുന്നത്. 

കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് ഭരണവിഭാഗം അഡീഷണല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. അമിത് മല്ലിക് ഉത്തരവിറക്കിയത്. സജികുമാര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ മാസവസാനം സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ മറ്റുള്ളവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടുമില്ല. 

സര്‍ക്കാര്‍ നിക്ഷിപ്ത വനഭൂമിയില്‍ നിന്ന് 160ലധികം മരങ്ങളും പാമ്പ്ര കോഫി പ്ലാന്റേഷന്റെ കൈവശമുള്ള ഭൂമിയില്‍ നിന്ന് 177 മരങ്ങളും മുറിച്ചതായാണ് വനംവകുപ്പ് കണ്ടെത്തിയത്. സൗത്ത് വയനാട് ഡിവിഷനിലെ ജീവനക്കാര്‍ക്ക് അനധികൃത മരംമുറിയില്‍ പങ്കുണ്ടെന്നായിരുന്നു ഭരണവിഭാഗം അഡീഷണല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. 

സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയതിനൊപ്പം വനപാലകര്‍ തന്നെ മരംമുറിക്ക് കൂട്ടുനിന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. മരംമുറിയുമായി ബന്ധപ്പെട്ട് പാമ്പ്ര എസ്റ്റേറ്റ് മാനേജരെയും രണ്ട് ജോലിക്കാരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2017 ലാണ് പാമ്പ്ര കോഫി പ്ലാന്റേഷന്റെ 216 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് നിക്ഷിപ്ത വനഭൂമിയാക്കിയത്.