കൊച്ചി: ചെല്ലാനത്തെ ജിയോ ബാഗുകൾ ഉപയോഗിച്ചുള്ള കടൽ ഭിത്തി നിർമാണത്തിൽ അനിശ്ചിതത്വം. കടൽ ഭിത്തി നിര്‍മിക്കുന്നതിന് ആവശ്യമായ ജിയോ ബാഗുകൾ എത്തിക്കുന്നില്ലെന്നാണ് പരാതി. കടലാക്രമണം രൂക്ഷമായ പ്രദേശത്ത്  2000 ജിയോ ബാഗുകൾ കളക്ടർ അനുവദിച്ചപ്പോള്‍ നിലവിൽ എത്തിച്ചത് 700 ബാഗുകൾ മാത്രമാണെന്നാണ് പരാതി. 

ചെല്ലാനം തീര സംരക്ഷണ സമിതി ജില്ല കലക്ടറുമായി നടത്തിയ കൂടികാഴ്ചയെ തുടർന്നാണ് കടലാക്രമണം തടയാൻ താൽക്കാലികമായി ജിയോ ബാഗുകൾ ഇന്നലെയാണ് സ്‌ഥാപിച്ചു തുടങ്ങിയത്. ചെല്ലാനം ബസാര്‍ മേഖലയിലും കമ്പനിപ്പടിയിലും 200 മീറ്റര്‍ നീളത്തിലും വേളാങ്കണ്ണി പള്ളി ഭാഗത്ത്‌ 180 മീറ്ററിലുമാണ് ജിയോ ബാഗുകള്‍ സ്ഥാപിക്കുന്നത്. 

ജല വിഭവ വകുപ്പാണ് പണികൾ നടത്തുന്നത്. അടിയന്തരമായി വിന്യസിക്കുന്ന ജിയോ ബാഗുകള്‍ കടലാക്രമണം തടയാനുള്ള സ്ഥിരം സംവിധാനമല്ല. ഇവ പരമാവധി ഒരു വര്‍ഷം വരെയാണ് നിലനില്‍ക്കുക. അതേസമയം ആവശ്യത്തിന് ബാഗുകള്‍ എത്തിച്ച് നിർമാണം ഉടൻ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് സബ് കളക്ടർ വിശദമാക്കി.