Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ ആദ്യ മാലിന്യമുക്ത ശുചിത്വ മുൻസിപ്പാലിറ്റിയായി വടകര

മൂന്നുവർഷത്തെ നിരന്തരമായ ഇടപെടലുകളുടെ ഫലമായി വടകര മുനിസിപ്പാലിറ്റി സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ മാലിന്യമുക്ത ശുചിത്വ പദവിയിലേക്ക്. 

Vadakara became the first Waste free municipality in the state
Author
Kerala, First Published Jul 20, 2020, 7:57 PM IST

കോഴിക്കോട്: മൂന്നുവർഷത്തെ നിരന്തരമായ ഇടപെടലുകളുടെ ഫലമായി വടകര മുനിസിപ്പാലിറ്റി സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ മാലിന്യമുക്ത ശുചിത്വ പദവിയിലേക്ക്. ആഗസ്റ്റ് ആദ്യവാരം ഇതിന്റെ  പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ  നടത്തും.

2017 ജൂലൈ മാസത്തിലാണ് വടകര മുനിസിപ്പാലിറ്റി മാലിന്യമുക്തമാക്കാൻ ക്ലീൻ സിറ്റി -ഗ്രീൻ സിറ്റി- സീറോ വേസ്റ്റ് വടകര എന്ന പദ്ധതിക്ക് രൂപം നൽകിയത്. 63 ഹരിതകർമ്മസേന അംഗങ്ങൾ  47 വാർഡുകളിലായി പതിനെട്ടായിരം വീടുകളും 7000 കടകളിൽ നിന്നുമാണ് അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നത്. 

മുനിസിപ്പാലിറ്റിയിലെ ഓരോ വാർഡിലെയും വീടുകളെ 50 വീതമുള്ള ക്ലസ്റ്ററുകൾ ആക്കി ഓരോന്നിനും ഒരു സന്നദ്ധ പ്രവർത്തകൻ ക്ലസ്റ്റർ ലീഡർ ആയും കൗൺസിലറെ സഹായിക്കാൻ വാർഡിൽ ഒരു ഗ്രീൻ വാർഡ് ലീഡറെ യും തെരഞ്ഞെടുത്താണ് പ്രവർത്തനമാരംഭിച്ചത്. അജൈവ മാലിന്യ ശേഖരണത്തിന് ഓരോ ക്ലസ്റ്റർ തലങ്ങളിൽ ശേഖരണ കേന്ദ്രങ്ങളും വാർഡ് തലങ്ങളിൽ മിനി എംസിഎഫും മുനിസിപൽതലത്തിൽ  മാലിന്യങ്ങൾ തരംതിരിക്കുന്നതിന് നഗരഹൃദയത്തിൽ തന്നെ ഒരു എംആർഎഫും  ഉണ്ട്. 

ഹരിത കർമ്മ സേന അംഗങ്ങളിൽ നിന്ന് തന്നെ അഞ്ച് പേർ വീതമുള്ള അഞ്ച് ഗ്രൂപ്പുകളിലായി പരിസ്ഥിതിസൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഗ്രീൻ ഷോപ്പ്, ഇലക്ട്രോണിക് വേസ്റ്റുകൾ റിപ്പയർ ചെയ്യുന്ന റിപ്പയർ ഷോപ്പ്,  ഉപയോഗിച്ചു കഴിഞ്ഞ വസ്ത്രങ്ങളും മറ്റു ഉൽപ്പന്നങ്ങളും കൈമാറ്റം ചെയ്യുന്ന സ്വാപ്പ് ഷോപ്പ്,  ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിന് ഡിസ്‌പോസിബിൾ പാത്രങ്ങൾക്ക് ബദലായുള്ള പ്ലേറ്റ്, ഗ്ലാസ് എന്നിവ നൽകുന്ന റെന്റ് ഷോപ്പ്,  കൃഷി ചെയ്തുകൊടുക്കുന്ന ഗ്രീൻ ആർമി എന്നിവ പ്രവർത്തിക്കുന്നുണ്ട്. 82 ശതമാനം വീടുകളിൽ ജൈവമാലിന്യങ്ങൾ സംസ്‌കരിക്കുന്ന സംവിധാനങ്ങളും 
ബാക്കിയുള്ളവർക്ക് ഈ വർഷം അവ നൽകുകയും ചെയ്യും. 

92 ശതമാനം വീടുകളിൽ നിന്നും യൂസർ ഫീ ഹരിതകർമ്മസേനക്ക് നൽകി അജൈവ മാലിന്യങ്ങൾ തരംതിരിച്ച് കൈമാറുന്നു.  പൊതുസ്ഥലങ്ങളിലുള്ള മാലിന്യം ഘട്ടംഘട്ടമായി നീക്കംചെയ്ത് വലിച്ചെറിയൽ ശീലം ഒഴിവാക്കുന്നതിന് നിരന്തരമായ ജാഗ്രതയാണ് ആരോഗ്യവിഭാഗം ചെയ്തു വരുന്നത്. കരിമ്പനത്തോട് ശുദ്ധീകരിക്കുന്നതിന് ഹരിത കർമ്മ സേന ഒരു ബോട്ട് വാങ്ങുകയും അത് ഉപയോഗിച്ച് ജനപങ്കാളിത്തത്തോടെ ഒരാഴ്ച നീണ്ടുനിന്ന തോട് ശുചീകരണവും നടത്തി. ഇപ്പോൾ എംഎൽഎ ഫണ്ട് ഉപയോഗിച്ച് തീരം കെട്ടി സംരക്ഷിച്ച മനോഹരമായി നിലനിർത്തുന്ന പ്രവർത്തി നടന്നുകൊണ്ടിരിക്കയാണ്.

എല്ലാ വീടുകളിൽ നിന്നും ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കാനുള്ള സംവിധാനം സ്ഥാപിക്കുന്നതിനോടൊപ്പം  പൊതു ഇടങ്ങളിൽ ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് തുമ്പൂർമുഴി മോഡൽ കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് സംവിധാനങ്ങൾ പുതിയ ബസ്സ്റ്റാൻഡ് പരിസരം,  പഴയ ബസ് സ്റ്റാൻഡ് കുലച്ചന്ത, മുനിസിപ്പൽ ഓഫീസ് പരിസരം,  ടൗൺഹാൾ പരിസരം, പൊലീസ് സ്റ്റേഷൻ, ജെ.ടിഎസ് എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ വിദ്യാലയങ്ങളിലും കമ്പോസ്‌റ് പിറ്റ്,  ബിന്നുകൾ സർക്കാർ -അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ  ഗ്രീൻ ഓഡിറ്റിംഗ്,  പൊതുജനങ്ങൾക്കിടയിൽ സോഷ്യൽ ഓഡിറ്റിംഗ് എന്നിവ നടത്തി. 

മാലിന്യനിർമാർജന മേഖലയിലും ജല സംരക്ഷണ മേഖലയിലും മുഖ്യമന്ത്രിയുടെ സംസ്ഥാനതല ഹരിത കേരള അവാർഡ് ഉൾപ്പെടെ 10അവാർഡുകൾ വടകര നഗരസഭക്ക് ഈ കാലയളവിൽ ലഭിച്ചിട്ടുണ്ട്. ഹരിതകർമ്മസേന യുടെ പ്രവർത്തന മികവ് പരിഗണിച്ച് മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കൂടെ മാലിന്യ നിർമാർജന പ്രവർത്തനം വ്യാപിപ്പിക്കാൻ ഹരിയാലി ഹരിതകർമ്മസേനയെ  ഒരു ഹരിത സഹായ സ്ഥാപനം ആക്കിമാറ്റി സർക്കാർ അംഗീകാരം നല്കുകയുണ്ടായി.

ദാരിദ്ര്യരേഖയിൽ താഴെയുള്ളവർക്ക് 63 കുടുംബശ്രീ അംഗങ്ങൾക്ക് സ്ഥിരവരുമാനം ലഭിക്കുന്നതോടൊപ്പം വടകര മുനിസിപ്പാലിറ്റിയെ സംസ്ഥാനത്തെ തന്നെ ആദ്യ സമ്പൂർണ്ണ മാലിന്യ മുക്ത ശുചിത്വ പദവിയിൽ എത്തിക്കാൻ കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമാണെന്ന് ചെയർമാൻ കെ. ശ്രീധരൻ അറിയിച്ചു.

Follow Us:
Download App:
  • android
  • ios