പാലക്കാട്: അട്ടപ്പാടിയിലെ ജലക്ഷാമത്തിന് പരിഹാരമായി വാലി ഇറിഗേഷൻ പദ്ധതിക്ക് വീണ്ടും ജീവൻവയ്ക്കുന്നു. പദ്ധതിയുടെ വിശദമായ കരട്, ജല മന്ത്രിക്ക് ഉദ്യോഗസ്ഥർ സമർപ്പിച്ചു. ശിരുവാണി പുഴയ്ക്ക് കുറുകെ അണകെട്ടി കിഴക്കൻ അട്ടപ്പാടിയിലേക്ക് വെളളമെത്തിക്കുന്നതാണ് പദ്ധതി. 458 കോടി രൂപയാണ് ചെലവ് വരിക. 

അട്ടപ്പാടിയുടെ ജലക്ഷാമം തീർക്കാൻ വിഭാവനം ചെയ്ത വാലി ഇറിഗേഷൻ പദ്ധതിക്ക് 40 വർഷത്തെ പഴക്കമുണ്ട്. പ്രാരംഭപ്രവർത്തനങ്ങൾക്ക് 1974 ൽ തുടക്കമിട്ടെങ്കിലും ആവർഷം തന്നെ പദ്ധതി നിലച്ചു. ഭവാനിപ്പുഴയിൽ നിന്ന് വെളളം നൽകുന്നതിലുളള തർക്കത്തിന് പരിഹാരമായതോടെയാണ് പദ്ധതിയുടെ പുതിയ രേഖ തയ്യാറായിരിക്കുന്നത്. ഭവാനി പുഴയുടെ പോഷക നദിയായ ശിരുവാണിക്ക് കുറുകെ അഗളി - ഷോളയൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് ചിറ്റൂരിൽ അണക്കെട്ട് വരിക. 2.87 ടിഎംസി ജലം ഇവിടെ സംഭരിക്കും. 

വലതുകരയിലും ഇടതുകരയിലുംകൂടി 47 കിലോമീറ്റർ ദൂരത്തിൽ കോൺക്രീറ്റ് പൈപ്പിലൂടെ ജലം കർഷകർക്ക് എത്തിക്കും. വരൾച്ചാ ബാധിത പ്രദേശമായ കിഴക്കൻ അട്ടപ്പാടി ഉൾപ്പടെ 4255 ഹെക്ടർ പ്രദേശത്തെ കൃഷിക്ക് വെളളം കിട്ടും. ആദിവാസി മേഖലയിലെ കർഷകർക്കാണ് ഈ പദ്ധതിയുടെ നേട്ടം പ്രധാനമായും ലഭിക്കുക. കേന്ദ്ര ജലവിഭവ കമ്മീഷന്‍റെ മാനദണ്ഡങ്ങൾ പാലിച്ച് തയ്യാറാക്കിയ പദ്ധതിക്ക് കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകളിൽനിന്നും അനുമതി ഉടൻ കിട്ടുമെന്നാണ് സംസ്ഥാനത്തിന്‍റെ പ്രതീക്ഷ.