നിലവിൽ കുടുംബശ്രീ ജെ എൽ ജി യൂണിറ്റുകളുടെ ഞങ്ങളും കൃഷിയിലേക്ക്, വാർഡുതല കൃഷി കൂട്ടങ്ങൾ, വള്ളികുന്നം കേര കർഷകസമിതി അംഗങ്ങൾ എന്നിവരാണ് പയർ കൃഷിക്ക് നേതൃത്വം നൽകുന്നത്. 

ചാരുംമൂട്: പയറുൽപ്പന്നങ്ങളിലൂടെ ക്രിസ്മസ്- പുതുവത്സരവിപണിയിൽ നേട്ടമുണ്ടാക്കാൻ വള്ളികുന്നം പഞ്ചായത്ത്. പ്രോട്ടീൻ ഉദ്യാനം എന്ന പദ്ധതിയിലൂടെ ഇരുന്നൂറോളം കർഷകർ ഏകദേശം 40 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്തുവരുന്ന പയറുല്‍പ്പന്നങ്ങളാണ് ഗ്രാമപഞ്ചായത്ത് വിപണിയിലെത്തിക്കുന്നത്. വൻപയർ, ചെറുപയർ, ഉഴുന്ന്, മുതിര എന്നിവയാണ് പ്രധാനമായി കൃഷി ചെയ്യുന്നത്. കൃഷിഭവൻ പരിധിയിൽ വാർഡ് സമിതികളുടെയും കൃഷിക്കൂട്ടങ്ങളുടെയും കുടുംബശ്രീ ഗ്രൂപ്പുകളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് കൃഷി ചെയ്തു വരുന്നത്. 

നിലവിൽ കുടുംബശ്രീ ജെ എൽ ജി യൂണിറ്റുകളുടെ ഞങ്ങളും കൃഷിയിലേക്ക്, വാർഡുതല കൃഷി കൂട്ടങ്ങൾ, വള്ളികുന്നം കേര കർഷകസമിതി അംഗങ്ങൾ എന്നിവരാണ് പയർ കൃഷിക്ക് നേതൃത്വം നൽകുന്നത്. ആദ്യഘട്ടത്തിൽ വിതരണം ചെയ്ത വൻപയർ കൃഷിയിൽ മികച്ച വിളവാണ് ലഭിച്ചത്. ഓണാട്ടുകര മേഖലയിൽ നിന്നും നഷ്ടപ്പെട്ടുപോയ കാർഷിക പൈതൃകം തിരിച്ചുപിടിക്കുന്നതിനൊപ്പം ഗുണമേന്മയുള്ള പയർ ഉത്പാദിപ്പിക്കുക, മണ്ണിന്റെ ഫലപുഷ്ടി നിലനിർത്തുക, ജൈവവൈവിധ്യം ഉറപ്പാക്കുക, ഓണാട്ടുകരയുടെ തനത് കാർഷിക കലണ്ടർ നടപ്പിലാക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. 

കേരള കാർഷിക സർവ്വകലാശാല പട്ടാമ്പി ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർ പി എം പുരുഷോത്തമനാണ് പയർ വർഗ്ഗ വിളകളുടെ കൃഷി രീതികളെ പറ്റി കർഷകർക്ക് സാങ്കേതിക വിജ്ഞാനം നൽകുന്നത്. നിലവിൽ വിളവെടുത്ത ഉഴുന്നു വിത്ത് കിലോയ്ക്ക് 150 രൂപ നിരക്കിൽ പട്ടാമ്പി ഗവേഷണ കേന്ദ്രം തിരികെ സംഭരിക്കും.

വിളവെടുക്കുന്ന വൻപയർ, ചെറുപയർ, മുതിര എന്നിവ വള്ളികുന്നത്തിന്റെ തനത് ഉൽപന്നമായി വള്ളികുന്നം വൻപയർ, വള്ളികുന്നം ചെറുപയർ, വള്ളികുന്നം മുതിര എന്നീ പേരുകളിൽ കൃഷിവകുപ്പിന്റെ ആഴ്ച ചന്ത, എക്കോ ഷോപ്പ്, കുടുംബശ്രീ ചന്തകൾ എന്നിവ വഴി വിപണിയിൽ എത്തിക്കാനും വള്ളികുന്നം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ലക്ഷ്യമിടുന്നു. പദ്ധതിക്കായി കൂടുതൽ തുക ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് പഞ്ചായത്തിന്റെ ആലോചനയിലുണ്ട്. ആദ്യ ബ്രാൻഡ് പായ്ക്കറ്റുകൾ വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ്, എം എസ് അരുൺകുമാർ എം എൽ എ ക്ക് കൈമാറി ബ്രാൻഡിങ് ഉദ്ഘാടനം നടത്തി.