അമ്പലപ്പുഴ: ഡോക്ടറെ കാണാൻ മഴയിൽ ക്യൂ നിന്ന് രോഗികളുടെ നരകയാതന. വണ്ടാനംമെഡിക്കൽ കോളേജാശുപത്രി കാർഡിയോളജി വിഭാഗം ഒ.പിയിലെത്തിയ നൂറുകണക്കിന് രോഗികളാണ് വ്യാഴാഴ്ച പെരുമഴയിൽ ദുരിതമനുഭവിച്ചത്.

തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഇവിടെ കാർഡിയോളജി ഒ.പി പ്രവർത്തിക്കുന്നത്. അന്യജില്ലകളിൽ നിന്നടക്കം നൂറുകണക്കിന് രോഗികളാണ് ഈ ദിവസങ്ങളിൽ ഡോക്ടറെ കാണാനെത്തുന്നത്. എന്നാൽ തിരക്കനുസരിച്ച് രോഗികൾക്ക് സൗകര്യമൊരുക്കാൻ ആശുപത്രി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

മണിക്കൂറുകൾ ക്യൂ നിന്ന ശേഷമാണ് രോഗികൾ അകത്തു പ്രവേശിക്കുന്നത്. അത്രയും സമയം രോഗികൾ വെയിലും മഴയുമേറ്റാണ് നിൽക്കുന്നത്. ഇവർക്ക് വിശ്രമിക്കാനോ വെയിലും മഴയും ഏൽക്കാതിരിക്കാനോ സ്ഥിരം സംവിധാനം വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.