ഇടുക്കി: പൊലീസ് കസ്റ്റഡിയിലെടുത്ത മണൽ കടത്ത് കേസിലെ പ്രതിയെ പൊലീസ് വാഹനം തടഞ്ഞ് ബലമായി മോചിപ്പിച്ച മണല്‍മാഫിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. വട്ടവടയില്‍ താമസക്കാരനും കോട്ടയം സ്വദേശിയുമായ വിഷ്ണുവിനെ (27)ആണ് ദേവികുളം പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മണല്‍മാഫിയ സംഘത്തെ പിടികൂടാല്‍ ദേവികുളം എസ്.ഐ ദിലിപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വട്ടവടയിലെത്തിയത്. പ്രതികളില്‍ ഒരാളെ പിടികൂടി ജീപ്പില്‍ കയറ്റിയെങ്കിലും  വിഷ്ണുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം ജീപ്പ് തടഞ്ഞു നിര്‍ത്തി പിടികൂടിയ ആളെ മോചിപ്പിച്ചു. 

എട്ടോളം യുവാക്കള്‍ ചേര്‍ന്നാണ് പോലീസ് വാഹനത്തില്‍ നിന്നും പ്രതിയെ ബലമായി മോചിപ്പിച്ചത്. ആക്രമങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊലീസ് സംഘം അവിടെ നിന്നും മടങ്ങുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് 10 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ശാന്തന്‍പ്പാറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി. ആര്‍ പ്രതീപ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം വേഷംമാറിയെത്തിയ ദേവികുളം എസ്.ഐ ദിലീപ് കുമാറാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം  ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.