അമ്പലപ്പുഴ: ജാതിയുടെ മതിൽ കെട്ടുകളില്ലാത്ത ശബരിമലയുടെ മാതൃസ്ഥാനത്തെ അയ്യഭക്തർക്ക് വാവരുടെ പിൻതലമുറക്കാർ അന്നം വിളമ്പി. അമ്പലപ്പുഴ അയ്യപ്പഭക്തസംഘം നടത്തിവരുന്ന അന്നദാനവിതരണത്തിൻെറ മൂന്നാംദിവസമായ ചൊവ്വാഴ്ച എരുമേലിയിലെ താഴത്തുവീട്ടിൽ നിന്നുള്ള വാവരുടെ പിൻതലമുറയിലെ കുടുംബാഗങ്ങൾ തുടർച്ചയായ ഒമ്പതാം വർഷവും അയ്യപ്പഭക്തർക്ക് അന്നദാനം നൽകിയത്.

കുടുംബത്തിലെ അംഗങ്ങളായ വി എസ് ഷുക്കൂർ( വാവരുപള്ളി മുൻ പ്രസിഡൻ്റ്), ടി എച്ച്  ഷംസുദ്ദീൻ, ടി എച്ച് ആസാദ്, ഇസ്മയിൽ ഹസൻ, ഹാരിസ് ഹസൻ,ഹബീബ് മുഹമ്മദ് എന്നിവരാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഊട്ടുപുരയിൽ അന്നദാനം  നൽകിയത്. ക്ഷേത്രത്തിലെ ഉച്ചനിവേദ്യത്തിന് ശേഷംഊട്ടുപുരയിൽ നിലവിക്ക് തെളിയിച്ചശേഷം ദേവസ്വം ബോർഡ് അംഗം അഡ്വ കെ എസ് രവി, സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ എന്നിവരുടെ സാന്നിധ്യത്തിൽ അയ്യപ്പഭക്തർക്ക് ഭക്ഷണം വിളമ്പികൊടുത്തത്.

മതസൗഹാർദ്ദത്തിൻറെ പ്രതീകമാണ് അമ്പലപ്പുഴ പേട്ടസംഘവും വാവരുടെ കുടുംബവുമായുള്ള ബന്ധം. അമ്പലപ്പുഴ പേട്ട സംഘം എരുമേലിയിലെത്തിയപ്പോൾ വേണ്ട സഹായങ്ങൾ ചെയ്യുകയും താമസിക്കാനുള്ള സൌകര്യങ്ങൾ ഒരുക്കിയതും വാവരാണെന്നാണ് ഭക്തർവിശ്വസിക്കുന്നത്. കാലങ്ങൾ പലത്പിന്നിട്ടെങ്കിലും അതിൻെറ ബന്ധം പുതുക്കി പേട്ടസംഘം എരുമേലി എത്തുന്നതിന് മുൻപ് വാവരുടെ പിൻതലമുറക്കാരായ താഴത്തുവീട്ടിലെ കുടുംബത്തിലെത്തും. ഇവിടെ പ്രസാദം നൽകിയതിന്ശേഷം കുടുംബകാരണവർ നൽകുന്ന നിലവിളക്കുമായാണ് പേട്ട സംഘം ശബരിമലയിലേക്ക് പുറപ്പെടുന്നത്.