'എങ്ങനെ സാധിക്കുന്നു ഇത്ര ക്രൂരനാകാൻ'; പിഞ്ചുകുട്ടികൾ നട്ടുവളർത്തിയ പച്ചക്കറി സ്കൂളിൽനിന്ന് മോഷണം പോയി
മാസങ്ങൾക്ക് മുമ്പ് സ്കൂൾ വളപ്പിൽ കൃഷി ചെയ്ത കപ്പയും മോഷണം പോയിരുന്നു. ഇതിനുപിന്നാലെ സ്കൂളിനു ചുറ്റും മതില് കെട്ടിയെങ്കിലും ഫലമില്ല. ഇനി സിസിടിവി സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം.

തൃശ്ശൂര്‍: തൃശ്ശൂരിലെ ഒരു സ്കൂളിലെ കുട്ടികൾ നട്ടു നനച്ച് വളർത്തിയ പച്ചക്കറികൾ മോഷ്ടാവ് കവർന്നു. ചെങ്ങാലൂർ രണ്ടാംകല്ല് എഎൽപി സ്കൂളിലെ പച്ചക്കറിത്തോട്ടത്തിലെ വിളകളാണ് കള്ളൻ കവർന്നത്. ഇതോടെ പച്ചക്കറികൾ പരിപാലിച്ച് വളർത്തിയ കുട്ടികൾ നിരാശയിലായി. സ്കൂളിലെ ഉച്ചഭക്ഷണത്തിനായി കൃഷി ചെയ്ത മത്തൻ തക്കാളി, വഴുതന, പച്ചമുളക് തുടങ്ങി അഞ്ച് കിലോയോളം പച്ചക്കറിയാണ് മോഷണം പോയത്. ചില തൈകൾ ഗ്രോബാഗോഡ് കൂടി തന്നെ കള്ളൻ കൊണ്ടുപോയി. അടുത്തദിവസം വിളവെടുത്ത് പ്രത്യേക സദ്യ ഒരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കുട്ടികൾ. കുട്ടികളുടെ ഉച്ചഭക്ഷണത്തിന് പണം കണ്ടെത്താൻ പാടുപെടുന്ന സ്കൂൾ അധികൃതർക്ക് വലിയ ആശ്വാസമായിരുന്നു പച്ചക്കറിത്തോട്ടം.
Read More... കെ റെയിൽ വാഴക്കുലക്ക് കിട്ടിയത് 60250 രൂപ; വയോധികയ്ക്ക് വീട് വയ്ക്കാൻ സംഭാവന നൽകും
മാസങ്ങൾക്ക് മുമ്പ് സ്കൂൾ വളപ്പിൽ കൃഷി ചെയ്ത കപ്പയും മോഷണം പോയിരുന്നു. ഇതിനുപിന്നാലെ സ്കൂളിനു ചുറ്റും മതില് കെട്ടിയെങ്കിലും ഫലമില്ല. ഇനി സിസിടിവി സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം. പച്ചക്കറിമോഷണത്തിൽ പുതുക്കാട് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വളരെ കഷ്ടപ്പെട്ടുണ്ടാക്കിയ പച്ചക്കറികളാണ് മോഷണം പോയതെന്നും ആരായാലും ഇതൊന്നും ചെയ്യരുതെന്നും വിദ്യാർഥികൾ പറഞ്ഞു. ഇനി ബാക്കിയുള്ള പച്ചക്കറിയും മോഷണം പോകും മുമ്പ് വിളവെടുത്ത് കുട്ടികൾക്ക് നൽകുകയാണെന്ന് പ്രധാനാധ്യാപകൻ പറഞ്ഞു.