തിരുവനന്തപുരം: കാട്ടാക്കടയിൽ വാഹന പരിശോധനയ്ക്കിടെ യാത്രക്കാരന്റെ കൈവശം പാമ്പിനെ കണ്ടെത്തി. മുതിയാവവിള സ്വദേശിയായ രതീഷ് മാറനല്ലൂർ പഞ്ചായത്തിലെ കണ്ടലയിൽ ഒരു വീട്ടിലെ പൊത്തിൽ മറഞ്ഞിരുന്ന മൂർഖനെ പിടികൂടി കുപ്പിയിലാക്കി കാട്ടാക്കട വഴി വരികയായിരുന്നു. ഇതിനിടെയായിരുന്നു പരിശോധനയിൽ കുടുങ്ങിയത്. 

ലോക്ക് ഡൗണ് നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ ബൈക്കിൽ എത്തിയ രതീഷിനെ തടഞ്ഞു വച്ച് യാത്രോദേശം തിരക്കവെയാണ് കുപ്പിയിലടച്ച പാമ്പിനെ പൊലീസ് കണ്ടെത്തിയത്. ഇതോടെ പൊലീസുകാർ ചുറ്റിനും കൂടുകയും കുപ്പി പൊലീസിന്റെ കൈയിലാക്കുകയും ചെയ്തു. താൻ പാമ്പ് പിടിത്തക്കാരാണെന്നും, വനം വകുപ്പ് അറിയിച്ചതനുസരിച്ച് പാമ്പിനെ പിടിച്ചു കൊണ്ട് പോകുകയാണെന്നും രതീഷ്  പറഞ്ഞു. തുടർന്ന് മതിയായ രേഖകൾ സാക്ഷ്യപ്പെടുത്തി പറഞ്ഞത് ബോധ്യപ്പെട്ടതോടെയാണ് രംഗം ഒന്നു ശാന്തമായത്.

കാട്ടാക്കട ജംഗ്ഷനിൽ ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ഡി ബിജുകുമാറും സംഘവും ആണ് രതീഷിനെ യാത്രോദേശം അറിയാൻ തടഞ്ഞത്. കാര്യങ്ങൾ ബോധ്യപ്പെട്ടതോടെ പിന്നെ ചോദ്യം ചെയ്യലിന്റെ രൂപവും ഭാവവും ഒക്കെ മാറി. വനിതാ സിപിഒ ഉൾപ്പെടെയുള്ളവർക്ക് അപ്രതീക്ഷിത യാത്രക്കാരനും സഹ സഞ്ചാരിയായ മൂർഖനും കൗതുകമായി.
 
ചിലർ ഫോട്ടോ പിടിക്കാൻ അടുത്തുകൂടി. അടച്ചുപൂട്ടി ലോക്ക് ഡൗൺ അവസ്ഥയിലായ പാമ്പിനെ കുറിച്ചറിയാനും  ബിജുകുമാർ ഉൾപ്പടെയുള്ളവർ സാമൂഹ്യ അകലം ലംഘിക്കാതെ ഡ്യൂട്ടിയിലെ പിരിമുറുക്കം കുറച്ച് മിനിറ്റുകൾ മറന്ന് രതീഷിനും മൂർഖനും ഒപ്പം കൂടി. 

ഏഴു വയസുള്ള പെൺ പാമ്പാണ്‌ കുപ്പിയിൽ ഉള്ളതെന്നും പടം പൊഴിക്കാൻ സമയം ആയ പാമ്പാണെന്നും രതീഷ് പൊലീസ് ഉദ്യോഗസ്ഥരോട് വിശദീകരിച്ചു.12 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ടെന്നും ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തുന്നതും രതീഷ് പറഞ്ഞു. ഒടുവിൽ അത്യാഹിത സേവനം ലഭ്യമാക്കേണ്ട ആൾ തൊട്ടടുത്തു തന്നെയുണ്ടല്ലോ എന്ന് പറഞ്ഞ് പേരും വിലാസവും നമ്പറും വാങ്ങിയാണ് പൊലീസ് രതീഷിനെ കടത്തിവിട്ടത്.